കുന്ദമംഗലം: അങ്ങാടിയിലെ പെരിങ്ങളം റോഡ് ജംഗ്ഷനിൽ ഇരുവശങ്ങളിലും നിലനിൽക്കുന്ന പഴയ ടെലഫോൺ - കേബിൾ പോസ്റ്റുകൾ ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു. ഇവ നീക്കം ചെയ്യാൻ അധികൃതർ ഇന്നേവരെ ശ്രദ്ധ നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്വകാര്യ ചാനലുകൾ സ്വന്തമാക്കി വെച്ചിരിക്കുന്ന ഈ ടെലഫോൺ പോസ്റ്റുകൾ ഇവിടെ നിന്ന് നീക്കം ചെയ്താൽ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ പെരിങ്ങളം റോഡിലേക്കും തിരിച്ചും കയറാൻ സാധിക്കും. ഇത് അങ്ങാടിയിലെ ഗതാഗതക്കുരുക്കിനും ശമനമുണ്ടാക്കും.
ഓണക്കാലമായതിനാൽ അനധികൃത പാർക്കിംഗും തെരുവുകച്ചവടവും അങ്ങാടിയിൽ തകൃതിയാണ്. പെരിങ്ങളം റോഡുവഴി കുന്ദമംഗലത്തേക്കും പെരിങ്ങളം ഭാഗത്തേക്കും വാഹനങ്ങൾ വർദ്ധിച്ചതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന്റെ ഒരു കാരണം. ഈ പോസ്റ്റുകൾ നീക്കിയാൽ പെരിങ്ങളം റോഡിലേക്കും തിരിച്ചും കൂടുതൽ വാഹനങ്ങൾക്ക് സുഗമമായി പ്രവേശിക്കാവുന്നതേയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.
ഇപ്പോൾ പെരിങ്ങളം മിൽമയിലേക്ക് പോകുന്ന വലിയ ടാങ്കർ വാഹനങ്ങൾ പെരിങ്ങളം റോഡിലേക്ക് തിരിയുമ്പോൾ, മറ്റു വാഹനങ്ങൾക്ക് അങ്ങാടിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സ്ഥിരമായി ഒരു ഹോംഗാർഡ് ഡ്യുട്ടിയിലുണ്ടെങ്കിലും പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവാറില്ല. അതുപോലെ വെളൂർ ഭാഗത്ത് നിന്ന് കുന്ദമംഗലം അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന പൂതക്കണ്ടി റോഡിന്റെ വീതികുറവ് കാരണം ഗതാഗത തടസം പതിവാണ്. ദേശീയപാതയിൽ നിന്ന് പൂതക്കണ്ടി റോഡിലേക്കും തിരിച്ചും വാഹനങ്ങൾക്ക് യഥേഷ്ടം പ്രവേശിക്കുവാൻ കഴിയാത്തതും ഇത് കാരണമാണ്. ഇതും അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയാണ്.