വടകര: വടകരയിൽ എസ്.എൻ.ഡി.പി യോഗം നേതാവിന്റെ വീടിനു നേരെ അക്രമണം. എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരന്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ വീടിന് നേരെയായിരുന്നു അക്രമണം. ഇന്നലെ പുലർച്ചെ 12.45-നായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ അഞ്ച് ജനൽചില്ലുകൾ അക്രമികൾ തകർത്തു. രാത്രിയായിരുന്നു സംഭവം. വീട്ടിലെ സി.സി.ടി.വി ക്യാമറയും തകർത്തു. സംഭവത്തിൽ വടകര പൊലീസ് കേസെടുക്കുകയും ഡോഗ് സ്വാഡ്, ഫിംഗർപ്രിന്റ് സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു.
എസ്.എച്ച്.ഒ മുരളീധരന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുമ്പും എം.എം ദാമോദരനെ വടകര ടൗണിൽ അടിച്ചു പരിക്കേൽപിക്കുകയും വീടിന് നേരെ അക്രമവും ഉണ്ടായിട്ടുണ്ട്. യൂണിയൻ സെക്രട്ടറി പി.എം രവീന്ദ്രന്റെ മേപ്പയിലെ വീട്ടിലും ചെക്കോട്ടി ബസാറിലെ മകന്റെ ഭാര്യ വീട്ടിലും യൂണിയൻ വൈസ് പ്രസിഡന്റ് ഹരിമോഹന്റെ വീടിനും കാറിനും നേരെയും അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എസ്. എൻ.ഡി. പി നേതാക്കൾ പറഞ്ഞു
പ്രതിഷേധിച്ച് നേതാക്കൾ
അക്രമണത്തിൽ തുഷാർ വെള്ളാപ്പള്ളി പ്രതിഷേധം രേഖപ്പെടുത്തി. മുമ്പത്തെപ്പോലെ അക്രമികൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കേരളത്തിലെ മുഴുവൻ യൂണിയനുകളിലും പ്രതിഷേധമുണ്ടാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇതിനുമുമ്പുണ്ടാർന്ന അക്രമണത്തിൽ പരാതികൾ നൽകിയപ്പോഴെല്ലാം പൊലീസ് അനങ്ങിയില്ല. എസ്.എൻ.ഡി.പി പ്രസ്ഥാനത്തിൽ ജനകീയ വിധിയെഴുത്തിൽ തോറ്റവരും നിയമ കോടതിയിൽ തോറ്റവരുടെ പരാജയ ജാള്യതയുമാണ് ആക്രമണത്തിന് പിന്നിൽ. വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം ശക്തിപ്പെടുത്തണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.