para
ബദൽ പാതകൾ

വയനാട്ടിലെത്താൻ കോഴിക്കോടിന്റെ മറ്റ് സ്ഥലങ്ങളിൽ നിന്നും ബദൽ പാത നിർദ്ദേശങ്ങൾ നേരത്തെ ഉയർന്നിട്ടുണ്ട്. ചുരം ഒഴിവാക്കിയുള്ളതും അവയിൽ പെടും. അതെല്ലാം വയനാട്ടിലെത്താനും അതത് സ്ഥലങ്ങളിലുള്ളവർക്കും പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്. ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വയനാട് തുരങ്കപാത താമരശ്ശേരിയിലെ കുരുക്ക് ഒരു പരിധിവരെ കുറയ്ക്കും. അതേസമയം നിലവിലുള്ള ചുരം പാതയ്ക്കും നിർദ്ദിഷ്ട ബെെപാസിനും പ്രസക്തിയുണ്ട്. അറ്റകുറ്റപ്പണി നടത്തി, മണ്ണിടിച്ചിൽ തടയാനാകുന്ന തരത്തിൽ വശങ്ങൾ കെട്ടി സംരക്ഷിക്കണം. വർഷങ്ങൾക്ക് മുമ്പ് മണ്ണിടിച്ചിലും ദിവസങ്ങളോളം ഗതാഗതക്കുരുക്കുമുണ്ടായപ്പോൾ ജിയോളജി വിദഗ്ദ്ധരടക്കം ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ഭാവിയിലും മണ്ണിടിച്ചിലുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നിട്ടും വശങ്ങൾ കെട്ടിസംരക്ഷിക്കാൻ നടപടിയുണ്ടായില്ല. ഭീഷണി കൂടുതലുള്ള സ്ഥലങ്ങളിലെങ്കിലും ഭിത്തി കെട്ടിയിരുന്നെങ്കിൽ റോഡിലേക്ക് മണ്ണും പാറയും ഒലിച്ചിറങ്ങുന്നത് ലഘൂകരിക്കാം.

വൻമരങ്ങളുടെ വേരുകൾ മണ്ണിലും പാറയുടെ വിടവുകളിലും ഇറങ്ങി മണ്ണിടിച്ചിൽ സാദ്ധ്യത കൂട്ടുന്നതാണ് മറ്റൊരു പ്രശ്നം. കാലപ്പഴക്കമുള്ളതും ഭീഷണിയുള്ളതുമായ വൻമരങ്ങൾ വെട്ടിയാൽ പ്രശ്നം ഒഴിവാക്കാം. വനംവകുപ്പിന്റെ സഹകരണത്തോടെ കണക്കെടുത്ത് മുറിച്ചാൽ വർഷകാലത്ത് മരങ്ങൾ വീണുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാം. റോഡുകളുടെ വശങ്ങളിലെ വീതി കൂട്ടിയാൽ തന്നെ ഗതാഗതം സുഗമമാകും, പ്രത്യേകിച്ചും വളവുകളിൽ. ചുരം റോഡിൽ അമിത വേഗതയും മറ്റു വാഹനങ്ങളെ മറികടക്കലും പതിവാണ്. ഇതും കുരുക്കിന് കാരണമാകുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം.

വിലങ്ങാട്- കുഞ്ഞാം

മാനന്തവാടി റോഡ്

ചുരത്തിലെ ഗതാഗതക്കുരുക്ക് വീണ്ടും ചർച്ചയാകുമ്പോൾ വിലങ്ങാട് -കുഞ്ഞാം -മാനന്തവാടി ചുരമില്ലാ ബദൽപാത പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഴശ്ശിരാജയുടെയും ടിപ്പുസുൽത്താന്റെയും സേനകളും പിന്നീട് പ്രദേശവാസികളും സഞ്ചരിച്ച പാതയാണിത്. ഇ.കെ വിജയൻ എം.എൽ.എ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത്, വനംവകുപ്പുകൾ റോഡ് നിർമ്മാണത്തിനുള്ള പ്രാരംഭ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. നാദാപുരത്തും മാനന്തവാടിയിലും ഈ ആവശ്യവുമായി നിരവധി യോഗങ്ങൾ ചേർന്നിരുന്നു.

കോഴിക്കോട്, കണ്ണൂർ ജില്ലകളെ വയനാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനാവുന്ന റോഡാണിത്. വിലങ്ങാട് പാനോം വ

നാതിർത്തിവരെ 10 മീറ്റർ വീതിയിൽ സഞ്ചാരയോഗ്യമായ റോഡുണ്ട്. വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയം വരെയും റോഡുണ്ട്. ഇതിനിടയിൽ ഏഴു കിലോമീറ്ററാണ് റിസർവ് വനമുള്ളത്. ഇതിൽ മൂന്ന് കിലോമീറ്റർ കൂപ്പ് റോഡ് നിലവിലുണ്ട്. ഇവിടെ മൃഗങ്ങളുടെ സ്വൈരവിഹാരത്തിന് സൗകര്യമൊരുക്കാമെന്നും നിർദ്ദേശമുയർന്നിരുന്നു. ഏഴു മീറ്റർ റോഡ് നിർമ്മിക്കാൻ കേന്ദ്രാനുമതി കിട്ടിയാൽ ഏറ്റവും കുറഞ്ഞ ചെലവിൽ റോഡുണ്ടാക്കാം. വയനാട്ടിലേക്കുള്ള ബദൽ പാതകളിൽ ഏറ്റവും ദൂരം കുറവായിരിക്കും ഇതിന്. ഇതുവഴി തമിഴ്നാട്ടിലും കർണാടകയിലും എത്താം.

(അവസാനിച്ചു)