churam
ചുരം ഒമ്പതാം വളവിൽ

കോഴിക്കോട്: മൂന്നു ദിവസത്തെ കുരുക്കഴിഞ്ഞതോടെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസത്തെക്കാൾ സുഗമമായി. മഴ കുറഞ്ഞതിനെ തുടർന്ന് ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിന് സമീപം വീണ മണ്ണും കല്ലും വെള്ളിയാഴ്ച തന്നെ മാറ്റി ചെറുവാഹനങ്ങൾ നിയന്ത്രിതമായി കടത്തിവിട്ടിരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അവശ്യവസ്തുക്കൾ കയറ്റിവന്നവയെ ഇന്നലെ കടത്തിവിട്ടു. ഓണം വിൽപ്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ ചരക്കുവാഹനങ്ങളാണ് കടത്തിവിട്ടത്. ഇന്നലെ മഴയില്ലാത്തതും ഗതാഗതം സുഗമമാക്കി. മഴ പെയ്യുമ്പോഴുളള മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് മഴ കനത്താൽ ഗതാഗതം നിയന്ത്രിക്കുമെന്ന് കോഴിക്കോട് ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചിട്ടുണ്ട്.

അതേസമയം ചുരത്തിലെ മണ്ണിടിച്ചിൽ മൂലമുള്ള അപകടമൊഴിവാക്കാൻ ശാസ്ത്രീയ നടപടി സ്വീകരിക്കണമെന്ന് ഇന്നലെ ചേർന്ന ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു. കനത്ത മഴയെത്തുടർന്നുള്ള നീരൊഴുക്കിൽ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിലുണ്ടാകുന്ന മണ്ണിടിച്ചിൽ ഉത്ക്കണ്ഠയുണ്ടാക്കുന്നു. പ്രശ്ന പരിഹാരത്തിനായി ബദൽ റോഡുകളുടെ സാദ്ധ്യത പരിശോധിക്കണമെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനുള്ള സർക്കർ നടപടികളെ യോഗം അഭിനന്ദിച്ചു. ചുരം വഴിയല്ലാതെ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് നിർമ്മാണത്തിന് പ്രത്യേക പരിഗണന നൽകണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 1.5 കോടി രൂപ ചെലവഴിച്ച് റോഡിന്റെ സാദ്ധ്യതാപഠനം പൂർത്തിയാക്കി വരികയാണ്. വനത്തിലൂടെ കടന്നുപോകുന്ന റോഡിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരം ലഭിക്കാനുള്ള നടപടികൾ ത്വരിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വെെകിട്ട് നാലിന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി. കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും നീളത്തിലുള്ള, കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്. നാല് വർഷംകൊണ്ട് പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണിത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ഭോപ്പാലിലെ ദിലിപ് ബിൽഡ്‌കോൺ, കൊൽക്കത്തയിലെ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് കരാറുകാർ.