upperi
കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വി​ലെ​ ​ഒ​രു​ ​ക​ട​യി​ൽ​ ​ഉ​പ്പേ​രി​ ​ഉ​ണ്ടാ​ക്കു​ന്നു

കോഴിക്കോട്: വെളിച്ചെണ്ണ വിലയിൽ കൈപൊള്ളുമ്പോഴും ഓണ വിപണിയിൽ ഉപ്പേരി തന്നെ താരം. വറുത്തുപ്പേരിയും ശർക്കര വരട്ടിയും ഇല്ലാത്ത ഓണസദ്യ ആലോചിക്കാനെ വയ്യാത്തതിനാൽ വില കൂടിയിട്ടും വൻ ഡിമാൻഡാണ് . മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കായ ഉപ്പേരിക്ക് 10–15 ശതമാനം വരെയാണ് വില ഉയർന്നത്. വെളിച്ചെണ്ണയിൽ തയാറാക്കുന്ന ശർക്കര ഉപ്പേരിക്കും വറുത്ത ഉപ്പേരിക്കും കിലോ 450-550 രൂപയാണ് വില. ഓയിലിൽ വറുത്ത ഉപ്പേരികൾ കിലോ 400 മുതലും ലഭ്യമാണ്. ബേക്കറികളിൽ വിൽക്കുന്ന ബ്രാൻഡഡ് ഉപ്പേരികൾക്ക് 700 രൂപയ്ക്കു മുകളിൽ വിലയുണ്ട്. ഓണം അടുക്കുന്തോറും ഇനിയും വില ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. വെളിച്ചണ്ണ വില ലിറ്ററിന് 400 കടന്നതോടെ ഇത്തവണ ഓർഡറുകൾക്ക് അനുസരിച്ചാണ് പലയിടങ്ങളിലും കായ വറുക്കുന്നത്.

വർഷം മുഴുവനും ഉപ്പേരിക്ക് ആരാധകരുണ്ടെങ്കിലും ഓണക്കാലത്താണ് വിൽപന കൂടുതൽ. നാടിന് പുറമെ കടൽ കടന്ന് ഓണമുണ്ണുന്ന മലയാളികൾക്ക് അരികിലേക്കും വലിയ രീതിയിൽ ഉപ്പേരികൾ ജില്ലയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ഓൺലൈൻ ഉപ്പേരി വിപണി മുൻവർഷങ്ങളെകാൾ മുൻപിലാണ്. അതേസമയം പച്ചക്കായ വില ഉയർന്നത് കച്ചവടക്കാർക്ക് ആശ്വാസമാവുകയാണ്. പച്ചക്കായ കിലോ 42 മുതൽ 50 വരെയാണ് വില. കഴിഞ്ഞ ആഴ്ച വരെ 70 ന് മുകളിലായിരുന്നു ഒരു കിലോ പച്ചക്കായയ്ക്ക് വില. കഴിഞ്ഞവർഷം ഓണത്തിന് പച്ചക്കായയ്ക്ക് 100 രൂപ കടന്നിരുന്നു.

വില (കിലോ)

വറുത്തുപ്പേരി..............450-500

ശർക്കര ഉപ്പേരി...........500-550