കോഴിക്കോട്:വയനാടിന്റെയും കോഴിക്കോട്, മലപ്പുറം ജില്ലകളുടെയും സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് ഇന്ന് ചിറകുമുളയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്നതോടെ വയനാട്ടിലേക്കുള്ള കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരവും കോഴിക്കോടിന്റെ വികസനക്കുതിപ്പിന് വഴിയൊരുങ്ങുകയുമാവും.
തുരങ്കപാത വരുന്നതോടെ വയനാട്, കോഴിക്കോട് യാത്ര കുറഞ്ഞ സമയത്തിനകം കൂടുതൽ സുരക്ഷിതമാകും.
ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട തുരങ്കപാത
കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട തുരങ്കപാതയാണ് (ട്വിൻ ട്യൂബ് ടണൽ) കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്.
കോഴിക്കോട് മറിപ്പുഴ മുതൽ വയനാട് മീനാക്ഷി പാലം വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോ മീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്.
രാജ്യത്തെ ദൈർഘ്യമേറിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാത. അടിയന്തര സാഹചര്യത്തിൽ ഗതാഗതം തടസപ്പെടാതിരിക്കാൻ ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും ( ക്രോസ് പാസേജ്) ഉണ്ടാവും.
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്ററുമാണ് ഉൾപ്പെടുക. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് പാത കടന്നു പോകുന്നത്. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മീനാക്ഷിയിൽ മണ്ണ് നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മലയോര മേഖലയുടെ ഭാഗമായ മേപ്പാടി ചൂരൽമല റോഡിൽ നിന്നും തുരങ്കത്തിനായി പാറ തുരക്കുന്ന സ്ഥലം വരെയാണ് മണ്ണ് നീക്കുന്നത്. റോഡിൽ നിന്ന് പാറയുടെ അടുത്തേക്ക് 200 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലുമാണ് മണ്ണ് നീക്കം ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകും, കോഴിക്കോട് വയനാട് ഗതാഗതം സുഗമമാകും, യാത്രാസമയവും കുറയും
തുരങ്കപാതയ്ക്കുള്ളിൽ
നാലുവരി ഗതാഗതം. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, ട്രാഫിക് ലൈറ്റ്, സി.സി.ടി.വി, എമർജൻസി കോൾ സിസ്റ്റം . സിലിണ്ടർ ആകൃതിയിലുള്ള ഭീമാകാരമായ ബോറിംഗ് മെഷിൻ ഉപയോഗിച്ചാണ് നിർമ്മാണം. നാലു വർഷത്തിനുള്ളിൽ തുരങ്ക പാത പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലീപ് ബിൽഡ്‌കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്.