കൽപ്പറ്റ: യാത്രക്കാർ ഇനി വഴിയരികിൽ കാര്യം സാധിക്കേണ്ട. അത്യാധുനിക സൗകര്യങ്ങളുള്ള നഗരസഭയുടെ ഹൈടെക് കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി. അടുത്തദിവസം കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നു നൽകും. അനന്തവീര ക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. ദീർഘദൂര യാത്ര കഴിഞ്ഞ് എത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതേതുടർന്ന് പള്ളിത്താഴേ ലിങ്ക് റോഡ്, അനന്തവീര റോഡ് എന്നിവിടങ്ങളിൽ മലമൂത്ര വിസർജനം ചെയ്യുന്നത് പതിവായിരുന്നു.
ഇതേ തുടർന്നാണ് മികച്ച സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണത്തിനു ഉൾപ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പഴയ ബസ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ നിന്നും മാലിന്യം പരന്നൊഴുകുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികളാണ് ഒരുക്കിയിട്ടുള്ളത്. വായു സഞ്ചാരമുള്ള മുറികളാണ് നിർമ്മിച്ചിട്ടുള്ളത്. കോഴിക്കോട് നിന്നും മാനന്തവാടി ബത്തേരി ഭാഗത്തേക്ക് വരുന്ന യാത്രക്കാരാണ് കൂടുതലായും പ്രയാസപ്പെട്ടിരുന്നത്. ബംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര യാത്രയ്ക്ക് പുറപ്പെടുന്ന വരും ശൗചാലയം ഇല്ലാതെ പ്രയാസപ്പെട്ടിരുന്നു. ഇവർക്കെല്ലാം ആശ്വാസമാവുകയാണ് നഗരസഭയുടെ നടപടി.