kudu

കോട്ടയം : നാടൻ രുചിയും വൃത്തിയും ഗുണനിലവാരവും ഒത്തുചേർന്നപ്പോൾ കുടുംബശ്രീ പ്രീമിയം കഫേകൾ സൂപ്പർ ഹിറ്റ്. 12 കഫേകളിൽ നിന്നായി 6.95 കോടി രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചത്. പ്രതിമാസ വരുമാനം ശരാശരി 60 - 90 ലക്ഷം രൂപ. തൃശ്ശൂർ, എറണാകുളം, കണ്ണൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലിലായിരുന്നു ആദ്യഘട്ടം. ഒരു വർഷത്തിനുള്ളിൽ കഫേകൾ ക്ളച്ചു പിടിച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോട്, മലപ്പുറം,​ പാലക്കാട്, കൊല്ലം ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. ഇടുക്കി,​ ആലപ്പുഴ ജില്ലകളിലും ഉടൻ ആരംഭിക്കും. കോട്ടയം കുറവിലങ്ങാട്ടെ പ്രീമിയം കഫേയിലാണ് കൂടുതൽ വരുമാനം. ദിവസം 60,​000 രൂപ. ഇതുവരെ 55 ലക്ഷം രൂപയുടെ ഭക്ഷണം ചെലവായി. 50,​000 രൂപയുടെ വിറ്റുവരവുള്ള കൊല്ലം കരുനാഗപ്പള്ളിയിലെ കഫേയാണ് രണ്ടാമത്.

വിളമ്പുന്നത് പ്രീമിയം രുചി

 12 മണിക്കൂർ സേവനം,​ കുറഞ്ഞത് 10 പേർക്കെങ്കിലും ജോലി

 ശീതീകരിച്ച കഫേകൾ,​ ഒരേസമയം 50 പേർക്ക് ഇരുന്ന് കഴിക്കാം

വിശാലമായ പാർക്കിംഗ് സൗകര്യം ,​ പാഴ്സൽ സർവീസ്

ശുചിത്വം, മാലിന്യ സംസ്‌കരണം, ശൗചാലയങ്ങൾ

'' ഇന്ത്യാ ഗേറ്റിൽ കുടുംബശ്രീ ഭക്ഷണം വിളമ്പുന്നത് പോലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

-ശ്രീകാന്ത്,​ പ്രോഗ്രാം ഓഫീസർ