kudampuli

കോട്ടയം : കുടപോലെ വിരിഞ്ഞു നിൽക്കുന്ന പുളിമരം കായ്ച്ച് തുടങ്ങിയതോടെ അപ്പർ കുട്ടനാട്ടിലും മലയോരത്തും കുടംപുളി സീസണാണ്. കാലാവസ്ഥാ മാറ്റത്തിൽ കായ്‌ക്കൾ കുറഞ്ഞെങ്കിലും പറമ്പുകളിൽ പുളി ശേഖരിക്കാൻ എത്തുന്നവർ നിരവധിയാണ്. വിളഞ്ഞ് പഴുത്ത് പൊഴിഞ്ഞു വീഴുന്ന പുളി മഴക്കാലത്ത് ഉണക്കിയെടുക്കുന്നതാണ് ശ്രമകരം. മുറിച്ച പുളിയുടെ അരിയെടുത്ത ശേഷം പ്രത്യേകം തയ്യാറാക്കിയ ചേരുകളിൽ (തട്ടുകൾ) നിരത്തും. താഴ്‌വശത്തായി തൊണ്ട്, ചിരട്ട, പച്ചില എന്നിവയിട്ട് തീകൊളുത്തി പുകച്ചാണ് ഉണക്കുന്നത്. മഴയും പുറത്തെ തണുപ്പും കാരണം പുളി ഉണങ്ങി കറുത്ത നിറത്തിലേക്കു വരാൻ ദിവസങ്ങളെടുക്കും. പുകയുടെയും ചൂടിന്റെയും തീവ്രതയനുസരിച്ചാകും ഉണക്ക് വേഗത്തിലാകുന്നത്.

 കിലോയ്ക്ക് 300 വരെ

കടകളിൽ 300 രൂപയ്ക്കാണ് വില്പന. വീടുകളിൽ നിന്ന് 220 രൂപ മുതൽ ലഭിക്കും. കർണാടകയിലെ കുടക് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് നിലവാരമില്ലാത്ത പുളി എത്തുന്നതാണ് വെല്ലുവിളി.

മരുന്നിന് മുതൽ മീൻകറിയിൽ വരെ

ആയുർവേദ മരുന്ന് ഉണ്ടാക്കുന്നതിനും കുടംപുളി ഉപയോഗിക്കുന്നു. മരുന്ന് കമ്പനിയുടെ ആൾക്കാർ പുളി മൊത്തത്തിൽ വാങ്ങിക്കൊണ്ടു പോകുന്നുണ്ട്. രുചിയുള്ള മീൻകറിയ്ക്ക് കുടംപുളി നിർബന്ധമായതിനാൽ വില എത്രയായലും വാങ്ങാൻ ആളുകൾ തയ്യാറാണ്. അവധിക്ക് നാട്ടിലെത്തുന്ന വിദേശ മലയാളികൾ മടക്കയാത്രയിൽ ഒരു പൊതി കുടംപുളി കൊണ്ടു പോകുന്നത് പതിവാണ്.