കോട്ടയം : മദ്യലഹരിയിൽ കാർ ഓടിച്ച് അപകടപരമ്പര നടത്തിയ വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. സി.എം.എസ് കോളേജിലെ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചറർ വിദ്യാർത്ഥിയും, പള്ളിക്കത്തോട് സ്വദേശിയുമായ ജൂബിൻ ലാൽ ജേക്കബാണ് കഴിഞ്ഞ ദിവസം ചുങ്കം മുതൽ ചാലുകുന്ന് വരെ അലക്ഷ്യമായി വാഹനം ഓടിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചതോടെ നാട്ടുകാർ പിന്തുടർന്നു. ഒടുവിൽ പനമ്പാലത്തിന് സമീപം മരത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. പരിക്കേറ്റ ജൂബിൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കാറിൽ നിന്നു മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കെ.എസ്.യു നേതാവായ ജൂബിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് നേതൃത്വം പറയുന്നത്.