അയ്മനം: ഇരവീശ്വരം പടശേഖരത്തേക്കുള്ള റോഡിന്റെ മറുകരയിൽ പാടത്തിനോട് ചേർന്ന് വെള്ളപ്പൊക്ക ഭീഷണിയിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അഞ്ച് കർഷകകുടുംബങ്ങൾ.അവർ ഇന്ന് സന്തോഷത്തിന്റെ നെറുകയിലാണ്. പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും വാർഡ് മെമ്പർ ബിജു മാന്താറ്റിൽ തുക കണ്ടെത്തി വാഹന സൗകര്യത്തോട് കൂടിയ പാലം നിർമ്മിച്ചു നൽകിയതാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. ഇതോടെ യാത്രാദുരിതത്തിനും അറുതിയായി.വട്ടക്കാട് മോട്ടോർ പുരയ്ക്ക് സമീപം തോടിനു കുറുകെ ഇരവീശ്വരം പാടശേഖരത്തേയ്ക്കാണ് അയ്മനം ചേലകരി പാലം നിർമ്മിച്ചത്. പാലം തുറന്നതോടെ കാറുകളുൾപ്പെടെ കടന്നുപോകാൻ സാഹചര്യമായി. ഇരുമ്പ് പാലമാണ് പണി തീർത്തിരിക്കുന്നത്. പ്രദേശത്തെ കർഷകർക്കും പാലം ഉപകാരപ്രദമാണ്. അതിനായി മറുകരയിലുള്ള റോഡിന്റെ അറ്റകുറ്റപണികളും ഉടൻതന്നെ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പഞ്ചായത്ത്‌ പ്രസിഡന്റ് വിജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബിജു മാന്താറ്റിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ ഷാജിമോൻ, പഞ്ചായത്തംഗം പി.വി സുശീലൻ, അസി.എഞ്ചിനീയർ പ്രിയമേരി ഫിലിപ്പ്, അരുൺ ചേലകരി എന്നിവർ പ്രസംഗിച്ചു.