കോട്ടയം: ഛത്തീസ്ഗഢിലെ ബി.ജെ.പി സർക്കാർ വ്യാജ കേസ് ചുമത്തി മലയാളികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവം മതേതര ഇന്ത്യയ്ക്ക് തീരാകളങ്കം വരുത്തിയെന്ന് ആർ.ജെ.ഡി ജില്ലാ നേതൃയോഗം. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരില്ല. എഫ്.ഐ.ആർ റദ്ദാക്കുന്നതുവരെ മതേതര വിശ്വാസികൾ അതീവ ജാഗ്രത പുലർത്തണം. എട്ടിന് വൈകുന്നേരം മൂന്ന് മുതൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ ആർ.ജെ.ഡി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാസദസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ആർ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റുമാരായി രാജീവ് അലക്‌സാണ്ടർ (പൂഞ്ഞാർ) എ.വി ജോർജ്ജുകുട്ടി (കടുത്തുരുത്തി) എന്നിവരെ യോഗം നിയമിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസിന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.ബെന്നി കുര്യൻ, പീറ്റർ പന്തലാനി, ടി.എസ് റഷീദ്, ജോസ് മടുക്കകുഴി, ജോർജ്ജ് മാത്യു, ജോൺ മാത്യു മൂലയിൽ, ഓമന വിദ്യാധരൻ, കെ.ഇ ഷെറീഫ് എന്നിവർ പങ്കെടുത്തു.