പൊൻകുന്നം: കുട്ടികളിലേക്ക് ജനാധിപത്യത്തിന്റെ മഹത്വവും തിരഞ്ഞെടുപ്പ് പ്രക്രിയയും എത്തിക്കാനായി തുടർച്ചയായി നാലാം വർഷവും പൊൻകുന്നം എസ്.ഡി യു.പി സ്‌കൂളിൽ വോട്ടിംഗ് മെഷീനിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. കുട്ടികളുടെ സഹായത്തോടെ തയ്യാറാക്കിയ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ 180ലേറെ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. സ്‌കൂൾ ലീഡറായി ഭഗത് കൃഷ്ണയും, അസിസ്റ്റന്റ് ലീഡറായി ഏയ്ഞ്ചല സെബാസ്റ്റ്യനും വിവിധ ക്ലബുകളുടെ സെക്രട്ടറിയായി ജോണ ജോജിയും തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾ തന്നെയാണ് പോളിംഗ് ബൂത്ത്, കൗണ്ടിംഗ് സ്റ്റേഷൻ എന്നിവയും ഒരുക്കിയത്. പ്രഥമാദ്ധ്യാപിക സുമ പി.നായർ നേതൃത്വം നൽകി.