സി.പി.ഐയുടെ അവകാശ വാദം തള്ളി മാണി ഗ്രൂപ്പ്
കോട്ടയം: സി.പി.ഐ അല്ല കേരളാകോൺഗ്രസ് എം ആണ് ജില്ലയിൽ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന് ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു പറഞ്ഞു. മാണിഗ്രൂപ്പിനേക്കാൾ ശക്തി തങ്ങൾക്കാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി .ബിനു കേരളകൗമുദിക്കു നൽകിയ ഇന്റവ്യൂവിൽ പറഞ്ഞ അവകാശവാദം തള്ളിയാണ് ലോപ്പസ് മാത്യുവിന്റെ മറുപടി.
'? കോട്ടയത്ത് മാണിഗ്രൂപ്പാണ്സിപിഐയിലും വലിയകക്ഷി എന്നു പറയാൻ കാരണം
കേരളാകോൺഗ്രസ് എം എൽ.ഡി.എഫിലെത്തിയ ശേഷമാണ് ജില്ലാ പഞ്ചായത്തും പതിനൊന്ന് ബ്ലോക്കിൽ പത്തും 71 പഞ്ചായത്തിൽ51ഉം ഇടതു മുന്നണിക്ക് ലഭിച്ചത്. ഞങ്ങൾ ഏതു മുന്നണിയിലാണോ അവർക്കാണ് തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോട്ടയം ജില്ലയിൽ കൂടുതൽ സീറ്റ് ലഭിക്കുക. ഈ കണക്കുനോക്കിയാൽ ഞങ്ങളുടെ ശക്തി ആർക്കും മനസിലാക്കാം.
? ലോക്‌സഭ രഞ്ഞെടുപ്പിൽ സി.പി.ഐ ശക്തികേന്ദ്രമായ വൈക്കം ഒഴിച്ച് മറ്റെല്ലായിടത്തും മാണി ഗ്രൂപ്പ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറകിൽ പോയല്ലോ
അന്നത്തെ രാഷ്ടീയ സാഹചര്യമുനസരിച്ച് കേരളമൊട്ടാകെ എൽ.ഡി.എഫിന് ക്ഷീണം സംഭവിച്ചിരുന്നു. അതിന്റെ ഭാഗമായ് കോട്ടയത്തെ പരാജയത്തെയും കാണണം. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് ആലത്തൂർ മാത്രമാണ് ലഭിച്ചത്. നാലിടത്ത് സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ തൃശൂരിലും തിരുവനന്തപുരത്തും ബി.ജെ.പിക്കു പിന്നിൽ മൂന്നാം സ്ഥാനത്തായി. വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുക്കാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.ആരാണ് വലിയവൻ എന്നു ന്യായീകരിച്ചു അകലേണ്ടെന്നാണ് ഓർമിപ്പിക്കാനുള്ളത് .
? തദ്ദേശ തിരഞ്ഞടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ
തീർച്ചയായും. വാർഡ് എണ്ണം വർദ്ധിച്ചതനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന പാർട്ടിയുടെ ആവശ്യം ഇടതുമുന്നണി നേതൃത്വത്തെ അറിയിക്കും.
? തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം എങ്ങനെ
പഞ്ചായത്തുകളുടെ എണ്ണത്തിലും അധികം കോർ കമ്മിറ്റി രൂപീകരിച്ചു. വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കലടക്കം തിരഞ്ഞെടുപ്പ്പ്രവർത്തനം നേരത്തേ തുടങ്ങി. സിറ്റിംഗ് മെംബർ എന്നു നോക്കില്ല സ്ഥാനാർത്ഥിയുടെ മികവാണ് പരിഗണിക്കുക. യുവാക്കൾക്കു കൂടുതൽ പ്രാതിനിധ്യം നൽകും ആഗസ്റ്റ് 9ന് പാലായിൽ യൂത്ത് യുവജന റാലി നടത്തുകയാണ്.
? സർക്കാർ വിരുദ്ധതയും വിവാദങ്ങളും ദോഷം ചെയ്യില്ലേ
ജനകീയ പ്രശ്നങ്ങളിലെല്ലാം ശക്തമായ ഇടപെടൽ ഞങ്ങൾ നടത്തിയിട്ടുണ്ട്. ഇടതു മുന്നണിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും തുടർഭരണം ലഭിക്കും.