എരുമേലി:എതിർപ്പിനെത്തുടർന്ന് എരുമേലി ടൗണിൽ മസ്ജിദിനും ക്ഷേത്രത്തിനും ഇടയിലായുള്ള മേൽപ്പാലം നിർമ്മാണം ഉപേക്ഷിക്കുകയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മേൽപ്പാലം ഒഴികെ എരുമേലി മാസ്റ്റർ പ്ലാനിലെ മറ്റ് പദ്ധതികൾ നടപ്പിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു. എരുമേലി പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2023ലെ സംസ്ഥാന ബഡ്ജറ്റിലാണ് പത്തു കോടി അനുവദിച്ച് എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. ഇതു നടപ്പിലാക്കാനുള്ള ചുമതല ദേവസ്വം ബോർഡിനാണ് കൈമാറിയത്. എന്നാൽ കൺസൾട്ടിംഗ് ഏജൻസിയെ തെരഞ്ഞെടുക്കാൻ ബോർഡ് താത്പര്യപത്രം പുറപ്പെടുവിച്ചെങ്കിലും ഏജൻസിയെ ലഭിക്കാൻ കാലതാമസം നേരിട്ടു. സമീപകാലത്താണ് ഏജൻസി എരുമേലിയിലെത്തി പദ്ധതികൾക്ക് പ്ലാനും രൂപരേഖയും തയാറാക്കിയത്. ഇതേത്തുടർന്ന് പ്ലാൻ പ്രകാശനം ചെയ്ത് പദ്ധതികളുടെ വിശദവിവരം പ്രഖ്യാപിച്ചിരുന്നെന്ന് എംഎൽ.എ പറഞ്ഞു. തുടർന്നാണ് പ്ലാനിലെ മേൽപ്പാലം പദ്ധതിയോട് ഹൈന്ദവ സംഘടനകൾ വിയോജിപ്പ് അറിയിച്ചത്.