ഒരു വർഷത്തിനിടെ 70 അപകടം, ജീവൻ നഷ്ടപ്പെട്ടത് 15 പേർക്ക്
പാലാ : അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകൾ. അപകടകരമായി ഡ്രൈവിംഗ് നടത്തുന്നവരെ കുടുക്കാൻ എ.ഐ ക്യാമറകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ കൂടുകയാണ്. പാലാ - തൊടുപുഴ റോഡിൽ ഒരു വർഷത്തിനിടെ 70 അപകടങ്ങളാണുണ്ടായത്. പൊലിഞ്ഞത് 15 ജീവൻ. 60 ലധികം പേർക്ക് പരിക്കേറ്റു. പലരും ജീവന് വേണ്ടി ഇപ്പോഴും മല്ലിടുകയാണ്. അപകടത്തിൽപ്പെടുന്നതിലേറെയും ഇരുചക്രവാഹനയാത്രക്കാരാണ്. ഇന്നലെ മുണ്ടാങ്കലിൽ 2 പേരുടെ ജീവനെടുത്ത അപകടമാണ് ഒടുവിലത്തേത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് പിഴക് പാലം മുതൽ നെല്ലാപ്പാറ വരെയുള്ള ഭാഗത്താണ്. കുറിഞ്ഞിയ്ക്ക് സമീപം ചൂരപ്പട്ട വളവും പിഴക് പാലവും ഹോട്ട്സ്‌പോട്ടുകളാണ്. അന്തീനാട്, കൊല്ലപ്പള്ളി വളവ്, മുണ്ടാങ്കൽ, കാനാട്ടുപാറ, പയപ്പാർ പ്രദേശങ്ങളിലും അപകടങ്ങൾക്ക് പഞ്ഞമില്ല. വീതിയേറിയ റോഡിൽ വാഹനങ്ങൾ ചീറിപ്പായുകയാണ്. സ്വകാര്യ , കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിലുള്ള മത്സരയോട്ടവും പതിവാണ്.
പരിശോധന നിലച്ചു, റോഡിൽ എന്തുമാകാം
തുടർച്ചയായ അപകടങ്ങളുണ്ടായിട്ടും പൊലീസിന്റെയും, മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധന നാമമാത്രമാണ്. ഏതെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ ഒന്നുരണ്ട് ദിവസങ്ങളിൽ സജീവമാകും. വീണ്ടും പഴയപടിയാകും. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗും അപകടങ്ങൾക്ക് കാരണമാകുകയാണ്. ഒരു മാസം മുമ്പ് അമിത വേഗതയിൽ പോയ സ്വകാര്യ ബസിനെക്കുറിച്ച് യാത്രക്കാരൻ പാലായിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് പരാതിപ്പെട്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. ബസ് പാലായിൽ എത്തുന്നതിന് മുമ്പ് വീണ്ടും അധികാരികളെ വിവരമറിയിച്ചെങ്കിലും ''മുകളിൽ പരാതിപ്പെടാനായിരുന്നു'' മറുപടി.
ഇവയ്‌ക്ക് പരിഹാരമുണ്ടോ
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും
ബൈക്കുകളുടെ ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്
ഡിം ചെയ്യാത്ത അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ
വഴിവിളക്ക് സൈൻ ബോർഡുകളുടെ അഭാവം
റോഡിന്റെ ശാേച്യാവസ്ഥയും അപകടക്കുഴികളും
''പാലാ - തൊടുപുഴ റൂട്ടിൽ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ അമിത വേഗതയ്‌ക്കെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും പരിശോധിച്ച് നടപടി സ്വീകരിക്കും. പാലാ, രാമപുരം പൊലീസിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
-കെ. സദൻ, പാലാ ഡി.വൈ.എസ്.പി
ഭീതി വിട്ടൊഴിയാതെ വിജയൻ
പാലാ : ''നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഞാൻ കടയുടെ മുന്നിൽ റോഡിലെ പോസ്റ്റിനോട് ചേർന്ന് നിൽക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലെ ഒരൊച്ച കേട്ടു. തിരിഞ്ഞുനോക്കുമ്പോൾ ഒരു കാർ അമിത വേഗതയിൽ പാഞ്ഞ് വരികയാണ്. ഞാൻ കടയിലേക്ക് ചാടിക്കയറി. തൊട്ടുപിന്നാലെ വൻശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ സ്കൂട്ടർ യാത്രികരായ 2 സ്ത്രീകൾ തെറിച്ച് പൊങ്ങിപ്പോകുന്നത് കണ്ടു. ഓടിച്ചെന്നപ്പോഴാണ് രണ്ട് സ്‌കൂട്ടറിലെ യാത്രക്കാരികളെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചതാണെന്ന് മനസ്സിലായത്''. ഇന്നലെ മുണ്ടാങ്കലിൽ രണ്ട് വീട്ടമ്മമാരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദൃക്‌സാക്ഷിയായ സി.ഐ.ടി.യു. പാലാ ഏരിയാ കമ്മിറ്റിയംഗം കൂടിയായ പയപ്പാർ പുളിക്കൽ വിജയൻ (64) ഇതിന്റെ ആഘാതത്തിൽ നിന്ന് മുക്തനായിട്ടില്ല. ഞാനും വണ്ടി ഓടിക്കുന്നയാളാണ്. പക്ഷേ ഇത്രവേഗത്തിൽ കാർ പാഞ്ഞുവരുന്നത് ജീവിതത്തിൽ ആദ്യമായി കാണുകയാണെന്ന് അദ്ദേഹം പറയുന്നു. പൊലീസ് വിജയന്റെ മൊഴി രേഖപ്പെടുത്തി.