പലാ : അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലെത്തിയ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ച് 2 സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട സ്‌കൂട്ടറുകളിലൊന്നിൽ അമ്മയോടൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയ്‌ക്ക് ഗുരുതര പരിക്കേറ്റു. മേലുകാവുമറ്റം നെല്ലൻകുഴിയിൽ ധന്യ സന്തോഷ് (38), പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ (11) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ - തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിയ്ക്ക് സമീപം ഇന്നലെ രാവിലെ 9.20 നായിരുന്ന അപകടം. മീനച്ചിൽ അഗ്രോ സൊസൈറ്റിയിലെ കളക്ഷൻ ഏജന്റായ ധന്യ ജോലിയ്ക്ക് പോകുകയായിരുന്നു. പാലായിൽ നിന്ന് കടനാട്ടിലെ സ്‌കൂളിലേയ്ക്ക് അദ്ധ്യാപക പരിശീലനത്തിന് പോകുകയായിരുന്ന രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥികളായ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. എതിർദിശയിലെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. ഇവർക്ക് പരിക്കില്ല. സംഭവത്തിൽ കാർ ഓടിച്ചിരുന്ന നെടുങ്കണ്ടം ചെറുവിള വീട്ടിൽ ചന്ദൂസ് ത്രിജി (24) നെ അറസ്റ്റ് ചെയ്തു. മന:പ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ്. ഇരുവരുടെയും മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇളംതോട്ടം അമ്മയാനിക്കൽ കുടുംബാംഗമാണ് ജോമോൾ. പാലായിൽ വാൻ ഡ്രൈവറായ സുനിലാണ് ഭർത്താവ്. ഏക മകൾ : അന്നമോൾ. ഇടമറുക് തട്ടാപറമ്പിൽ കുടുംബാംഗമാണ് ധന്യ. ഭർത്താവ് : എൻ.കെ.സന്തോഷ് മലേഷ്യയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുൻപ് ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് സംഭവം അറിഞ്ഞ് നാട്ടിൽ എത്തി. മക്കൾ : ശ്രീഹരി (പ്ലസ് വൺ വിദ്യാർത്ഥി മൂന്നിലവ് സെന്റ് പോൾസ് എച്ച്.എസ്.എസ്), ശ്രീനന്ദൻ (കുറുമണ്ണ് സെന്റ് ജോൺസ് സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി). സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഇടമറുകിലുള്ള തറവാട്ട് വീട്ടുവളപ്പിൽ.