കോട്ടയം : ഡി.സി.സി പുന:സംഘടനയിൽ ജില്ലയിലടക്കം മാറ്റം വരുമെന്ന് കെ.പി.സി.സി നേതൃത്വം സൂചന നൽകിയതോടെ നാട്ടകം സുരേഷിന് പകരം ആരെന്ന ചർച്ച സജീവമായി. എ, ഐ ഗ്രൂപ്പുകൾ ഇതിനായി പോരും മുറുകി. ഉമ്മൻചാണ്ടിയുടെ മരണത്തോടെ പഴയ എ ഗ്രൂപ്പ് നേതാക്കൾ ഔദ്യോഗിക വിഭാഗവുമായി ചേർന്നു പ്രവർത്തിക്കുന്നതിനാൽ കോട്ടയത്ത് എ ഗ്രൂപ്പിന് നാഥനില്ലാത്ത സ്ഥിതിയാണ്. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ എ വിഭാഗത്തിലെ യുവഗ്രൂപ്പും രംഗത്തുണ്ട്.
യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് ഉയരുന്നത്. മികച്ച പ്രവർത്തനം കാഴ്ചവച്ച നാട്ടകം സുരേഷിന് ഈഴവ പ്രാതിനിധ്യം കണക്കിലെടുത്ത് ഒരുടേം കൂടി നൽകണമെന്നാവശ്യവുമുണ്ട്. എന്നാൽ അടുത്ത പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തിൽ നിന്നാകണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം. കോട്ടയത്ത് ഹൈന്ദവവിഭാഗമാണ് ഭൂരിപക്ഷമെങ്കിലും ക്രൈസ്തവ ഭൂരിപക്ഷമെന്ന പ്രചാരണം വഴി സ്ഥിരം ഈ വിഭാഗത്തിൽ നിന്നുള്ളവരെ പ്രസിഡന്റാക്കുന്ന പതിവാണുള്ളതെന്ന ആരോപണം ഇതര സമുദായനേതാക്കൾ ഉന്നയിക്കുന്നു. എം.പി.ഗോവിന്ദൻ നായരും, നാട്ടകം സുരേഷും ഒഴിച്ച് പ്രസിഡന്റായിരുന്നവരെല്ലാം ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. കത്തോലിക്ക, ഓർത്തഡോക്സ്, യാക്കോബായ വിഭാഗ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഓരോ വിഭാഗവും ഉന്നയിക്കുന്നതിനാൽ അവസാന നിമിഷം പുതിയ പേരുകളും ഉയർന്നു വരാം.