കോട്ടയം : വൈവിദ്ധ്യമാർന്ന ഗ്രാമഫോണുകളുടെയും റെക്കാർഡുകളുടെയും കലവറയാണ് തലപ്പലം പ്ലാശനാൽകുന്നേൽപ്പുരയിടത്തിൽ സണ്ണി മാത്യുവിന്റെ വീട്. പുതുതലമുറയ്ക്ക് അന്യമായ സംഗീതാസ്വാദക ഉപകരണങ്ങൾ, പുരാവസ്തുക്കൾ ഉൾപ്പെടെ മ്യൂസിയത്തിലുണ്ട്. തിയേറ്ററുക ളിലെ കോളാമ്പിയിലൂടെ പാട്ടുകേട്ട കുട്ടിക്കാലാനുഭവമാണ് സണ്ണിയെ ഗ്രാമഫോണുകളുടെ കൂട്ടുകാരനാക്കിയത്. നാലുപതിറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ വിനോദം പാട്ടുപോലെ തുടരുന്നു. വനംവികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജരായിരുന്നു സണ്ണി വിരമിച്ചതോടെയാണ് വീട്ടകം മ്യൂസിയമാക്കിയത്. 2015ൽ സണ്ണീസ് ഡിസ്‌ക് ആൻഡ് മെഷീൻസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കാർഡ് ആർക്കീവ് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി. വിദേശികളടക്കമുള്ളവർ മ്യൂസിയത്തിലെത്തി പാട്ട് കേട്ട് സംതൃപ്തിയോടെ മടങ്ങുന്നു. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രാമഫോൺ സൊസൈറ്റി അംഗമാണ്. വിവിധ രാജ്യങ്ങളിൽ പ്രബന്ധവും അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിയം കാണുന്നതിനും സെമിനാർ നടത്താനും ഗവേഷകർക്ക് താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. നിലവിൽ ഓൺലൈൻ പ്രസന്റേഷനാണ്. ഭാര്യ ജോസിയ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥയാണ്. ഏകമകൻ : മാത്യൂസ്.
ചരിത്രം നിറയുമിടം
ഗ്രാമഫോൺ കണ്ടുപിടിച്ച എമിൽ ബർലിനർ കമ്പനി 1898ൽ ഇറക്കിയ ഒരുവശത്ത് മാത്രമുള്ള റെക്കാർഡിംഗ്, 1911ൽ മലയാളത്തിൽ നാരായണി അമ്മാൾ പാടിയ റെക്കാർഡ്, 1905 മുതൽ റെക്കാർഡ് ചെയ്ത വിവിധ ഭാഷയിലുള്ള പാട്ടുകൾ, സുഭാഷ് ചന്ദ്രബോസ്, ടാഗോർ, മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ പ്രസംഗങ്ങൾ, നാടകങ്ങൾ എന്നിവ ശേഖരത്തിലുണ്ട്. ബ്രിട്ടീഷ് കമ്പനിയായ ദി ഗ്രാമഫോൺ കമ്പനിയുടെ ആദ്യകാല റെക്കാർഡുകൾ, പാലാ മഹാറാണിയിലെ പ്രോജക്ടർ, 120 വർഷം പഴക്കമുള്ള തയ്യൽ മെഷീനുകൾ, റേഡിയോ, കാസെറ്റ്, 1933 മോഡൽ ഓസ്റ്റിൻ, 1951 മോഡൽ മോറിസ്, 1956, 1962 മോഡൽ ഫിയറ്റ് വിന്റേജ് കാറുകൾ, ജാവാ ബൈക്കുകളും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു.
പ്രത്യേകതകൾ
സിലിണ്ടർ മോഡൽ, ഡിസ്‌ക് ഗ്രാമഫോൺ, റെക്കാർഡ് പ്ലെയർ, ടോയ് ഗ്രാമഫോൺ, വാക്ക്മാൻ ഗ്രാമഫോൺ, ടേബിൾ ടൈപ്പ്, സ്യൂട്ട് കേസ് മോഡൽ, കാബിനറ്റ് മോഡൽ എന്നിങ്ങനെ നീളുന്നു ശേഖരം. നാല് സിലിണ്ടർ പ്ലെയർ, 300 ഓളം ഗ്രാമഫോണുകൾ, ഒരു ലക്ഷത്തിൽപ്പരം റെക്കോർഡ്‌സുകളും ഇവിടെയുണ്ട്.