വൈക്കം: സംസ്ഥാന ബഡ്ജറ്രിൽ വൈക്കത്ത് അനുവദിച്ച രണ്ട് സ്​റ്റേഡിയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 14ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു. വൈക്കം തെക്കേനട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്​റ്റേഡിയത്തിന്റെ നിർമ്മാണം രാവിലെ 10.30നും വൈക്കം വെസ്റ്റ് മടിയത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം രാവിലെ 11.30നുമാണ് നടക്കുക. തെക്കേനട സ്‌കൂളിൽ രണ്ടര കോടി രൂപ വിനിയോഗിച്ചും, മടിയത്തറ സ്‌കൂളിൽ രണ്ടു കോടി രൂപ വിനിയോഗിച്ചുമാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. രണ്ട് സ്റ്റേഡിയങ്ങളിലും ഫുട്‌ബോൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ ഉൾപ്പെടെയുള്ളവ സജ്ജീകരിക്കും. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം നിർമ്മാണം അവസാനഘട്ടത്തിലാണ്.