ജോമോളുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പ്റവിത്താനം ഫൊറോന പള്ളി.
പാലാ: തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കലിൽ ചൊവ്വാഴ്ച കാറിടിച്ച് മരിച്ച സ്കൂട്ടർ യാത്റക്കാരിയായിരുന്ന ധന്യ സന്തോഷിന് കണ്ണീരോടെ വിട നൽകി നാട്. സംസ്കാരം ഇന്നലെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ ഇടമറുകിലുള്ള തറവാട്ട് വീട്ടുവളപ്പിൽ നടന്നു. ജനപ്റതിനിധികൾ ഉൾപ്പെടെ നിരവധിയാളുകൾ ധന്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ഇതേ അപകടത്തിൽ മരിച്ച ഇളന്തോട്ടം അമ്മയാനിക്കൽ ജോമോളുടെ സംസ്കാരം ഇന്ന് രാവിലെ 10.30 ന് പ്റവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാര ചടങ്ങുകൾക്കും പൊതുദർശനത്തിനും വേണ്ട ക്റമീകരണങ്ങളെല്ലാം ഒരുക്കുന്നത് പ്റവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി റവ. ഫാ. ജോർജ്ജ് വേളൂപറമ്പിലിന്റെ നേതൃത്വത്തിലാണ്. പ്റധാന റോഡിൽ നിന്ന് ഉള്ളിലേക്ക് മാറിയുള്ളജോമോളുടെ വീട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവില്ല. മാത്റമല്ല വീട്ടിൽ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ഈ സാഹചര്യത്തിലാണ് പൊതുദർശനം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ഫൊറോന പള്ളി അധികൃതർ ഏറ്റെടുത്തത്. പൊതുദർശനത്തിനും മറ്റുമായി പള്ളിയുടെ വിശാലമായ ഓഡിറ്റോറിയം വിട്ടുകൊടുത്തു.
രാവിലെ 9 ന് പള്ളിയങ്കണത്തിൽ ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോമോളുടെ മകൾ അന്ന ചേർപ്പുങ്കൽ മാർ സ്ലീവാ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
അന്ന മോൾക്കായി പ്റാർത്ഥനയോടെ പ്റിയപ്പെട്ടവർ
പാലാ: നെറ്റിയിൽ ഉമ്മ നൽകി ഇനി തന്നെ വിളിച്ചുണർത്താൻ അമ്മയില്ലെന്ന് അന്നമോൾക്കറിയില്ല. ചൊവ്വാഴ്ച പാലാതൊടുപുഴ ഹൈവേയിൽ മുണ്ടാങ്കലുണ്ടായ വാഹന അപകടത്തിൽ മരിച്ച അല്ലപ്പാറ പാലക്കുഴക്കുന്നിൽ ജോമോളുടെ ഏകമകളാണ് അന്നമോൾ. പാലാ സെന്റ് മേരീസ് ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർത്ഥിനി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്നമോൾ ഇപ്പോഴും ചേർപ്പുങ്കൽ മാർ സ്ലീവ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെങ്കിലും അന്നമോളുടെ ആരോഗ്യത്തിൽ നേരിയ പുരോഗതിയുണ്ടന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. അന്നമോളുടെ തിരിച്ചുവരവിനായി ബന്ധുക്കളും സെന്റ്മേരീസ് സ്കൂളിലെ സഹപാഠികളുമൊക്കെ കണ്ണീർപൊഴിച്ച് മുട്ടിപ്പായി പ്രാർഥനയിലാണ്.
ക്ലാസിലെ മിടുക്കിയായ വിദ്യാർത്ഥിയാണ് അന്നമോളെന്ന് അദ്ധ്യാപികമാർ ഒരേ സ്വരത്തിൽ പറയുന്നു. പൂമ്പാറ്റയെപ്പോലെ കളിച്ചുല്ലസിച്ച് നടന്ന തങ്ങളുടെ പ്രിയകൂട്ടുകാരിക്കുണ്ടായ ദാരുണ അപകടത്തിൽ ദുഃഖിതരാണ് അന്നമോളുടെ ക്ലാസിലെ കുട്ടികളാകെ.
ആറ്റുനോറ്റുണ്ടായ പൊന്നുമോളെ കാണാതെ ജോമോൾ ഇന്ന് യാത്രയാവും. ഇനിയൊരിക്കലും അമ്മയെ കാണാനാവില്ലന്ന വേദന തിരിച്ചറിയാതെ വിധിയുടെ വിളയാട്ടത്തിൽ വിറങ്ങലിച്ചുകിടക്കുകയാണ് അന്നമോൾ.
ഇന്നലെ സെന്റ് മേരീസ് സ്കൂളിൽ അന്നമോളുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി കൂട്ടുകാരും അദ്ധ്യാപകരുംഒത്തുചേർന്ന് പ്രാർഥന നടത്തി. മനുഷ്യനാൽ അസാധ്യമായത് ദൈവത്താൽ സാധ്യമാവുമെന്ന തിരുവചനത്തിലാണ് അവളുടെ കൂട്ടുകാരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രാർഥന. അച്ഛൻ സുനിൽ കണ്ണീർവാർക്കുന്നതും ദൈവത്തിന്റെ കരുണ യാചിച്ചാണ്.