വൈക്കം : ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിന് കുറുകെയുള്ള നേരേകടവ് മാക്കേകടവ് പാലം നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 80 ഗർഡറുകളിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേകടവിൽ നിർമ്മിച്ച ശേഷമാണ് കായലിന് കുറുകെ സ്ഥാപിക്കുന്നത്. നാലു ഗർഡറുകൾ ചേരുന്ന 22 സ്പാനുകളിൽ 15 എണ്ണം സ്ഥാപിച്ചു. 13-ാം സ്പാനിന്റെ കോൺക്രീറ്റിംഗ് നടക്കുകയാണ്. നേരേകടവ് ഭാഗത്ത് 150 മീറ്റർ അപ്രോച്ച് റോഡിനും, സംരക്ഷണ ഭിത്തി നിർമ്മാണത്തിനും പ്രാഥമിക നടപടികൾ തുടങ്ങി. 2026 ആദ്യം നിർമ്മാണം പൂർത്തിയാക്കി പാലം നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വർഷങ്ങൾ നീണ്ട കേസിൽ കുരുങ്ങി നിലച്ച നിർമ്മാണം 2024 മാർച്ചിലാണ് പുന:രാരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ തൈയ്ക്കാട്ടുശ്ശേരിയേയും കോട്ടയം ജില്ലയിലെ ഉദയാനപുരത്തെയും ബന്ധിപ്പിക്കുന്നതാണ് പാലം.
കിഴക്കൻമേഖലയിലേക്ക് സുഖയാത്ര
ആലപ്പുഴ ജില്ലയിൽ നിന്ന് കിഴക്കൻമേഖലയിലേക്ക് ഗതാഗതം സുഗമാക്കാൻ വിഭാവനം ചെയ്ത തുറവൂർ - പമ്പ ഹൈവേയുടെ ഭാഗമാണ് നേരേകടവ് മാക്കേക്കടവ് പാലം. ഹൈവേയുടെ ഭാഗമായ തുറവൂർ പാലം യാഥാർത്ഥ്യമായിട്ട് വർഷങ്ങളായി.കോട്ടയത്ത് നിന്ന് എറണാകുളത്തേക്കും ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുമുള്ള യാത്രയിൽ കിലോമീറ്ററുകൾ ലാഭിക്കാനാകുന്ന പദ്ധതി വൈക്കം , ചേർത്തല താലൂക്കുകളുടെ വികസനത്തിനും കുതിപ്പേകും. ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്ന് വൈക്കം വഴി തീർത്ഥാടകർക്ക് പമ്പയിലേക്ക് വേഗത്തിൽ എത്താനാകും.
11 കി.മീ നീളം
11.23 മീറ്റർ വീതി
ചെലവ് : 97.65 കോടി
''വൈക്കത്തിന്റെ വികസനത്തിലും ഗതാഗത രംഗത്തും വൻ മുന്നേറ്റമാണ് പാലം പൂർത്തിയായാൽ ഉണ്ടാവുക. '800 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിന്റെ 450 മീറ്റർ നിർമ്മാണം പൂർത്തിയായി. ആകെയുള്ള പ്രവൃത്തിയുടെ 80 ശതമാനം നിർമ്മാണ പുരോഗതിയും നിലവിൽ പൂർത്തീകരിച്ചു.
-സി.കെ ആശ എം.എൽ.എ