nel

കോട്ടയം : തുടർച്ചയായ മൂന്നു വെള്ളപ്പൊക്കവും, സാമ്പത്തിക പ്രതിസന്ധിയും കാരണം അപ്പർ കുട്ടനാട്ടിൽ വിരിപ്പുകൃഷി പാതിയോളം പാടങ്ങളിൽ മാത്രം. മടവീണ് പുറം ബണ്ട് കവിഞ്ഞ് കൃഷി നശിച്ച പാടങ്ങളിൽ ഞാറ് നടീൽ ആയിട്ടില്ല. നെല്ലിന്റെ പണം കിട്ടാത്തത് കാരണം നിലം വീണ്ടും ഒരുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കർഷകർ. കാർഷിക കലണ്ടറിലെ സമയം തെറ്റിയതിനാൽ വിളവ് കുറഞ്ഞേക്കാമെന്ന സാഹചര്യത്തിൽ ഇനി വിരിപ്പ് കൃഷി വേണ്ടെന്ന ആലോചനയിലാണ് പല പാടശേഖര സമിതികളും. കഴിഞ്ഞ വർഷം കുമരകത്ത് 550 ഹെക്ടർ സ്ഥലത്തായിരുന്നു വിരിപ്പുകൃഷി. എന്നാൽ ഇതുവരെ 330 ഹെക്ടറിലേക്ക് ചുരുങ്ങി. മടവീണ് 200 ഹെക്ടർ മൂലേപ്പാടം തെക്കേ ബ്ലോക്കിലെയും വടക്കേ ബ്ലോക്കിലെയും കൃഷി നശിച്ചു. തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം, കല്ലറ, വെച്ചൂർ, വൈക്കം പാടശേഖരങ്ങളിലും ഇതേ സ്ഥിതിയാണ്. തിരുവാർപ്പിൽ പഞ്ചായത്ത് സഹകരണത്തോടെ യന്ത്രം ഉപയോഗിച്ച് വിതച്ച നെല്ല് വെള്ളം കയറി നശിച്ചു.

വിത്തിനും ഇനി പണം കണ്ടെത്തണം

നെല്ലിന്റെ പണം കിട്ടാത്ത കർഷകർ ഇനി വിത്തിന് കൂടി പണം കണ്ടെത്തേണ്ട സ്ഥിതിയാണ്. കർഷകരെ ചൂഷണം ചെയ്യാൻ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിത്തെത്തിച്ച് നൽകുന്ന ഏജന്റുമാർ വട്ടം ചുറ്റുന്നുണ്ട്. കിലോയ്ക്ക് 46 മുതൽ 48 രൂപവരെയാണ് ഇവർ ഈടാക്കുന്നത്. വെള്ളപ്പൊക്കത്തിൽ എക്കൽ അടിഞ്ഞ പാടങ്ങളിൽ അമ്ലത കുറച്ച് നിലം ഒരുക്കണം. കള നശിപ്പിക്കാൻ കീടനാശിനി വീണ്ടും പ്രയോഗിക്കേണ്ടി വരും. ഇതിനും ചെലവേറെയാണ്. ഇതാണ് കർഷകരെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

വിടാതെ പ്രതിസന്ധികൾ

വളം,കീടനാശിനി, കളനാശിനി വില ഉയർന്നു

തൊഴിലാളികളെ കിട്ടാനില്ല, കൂലിയിലും വർദ്ധന

നെൽച്ചെടികളെ വിടാതെ രോഗബാധ

കൃഷി നാശത്തിന്റെ നഷ്ടപരിഹാരം കിട്ടിയില്ല

ഉത്പാദന ബോണസ് ,പമ്പിംഗ് സബ്സിഡിയില്ല

''സപ്ലൈകോയ്ക്ക് നെല്ല് വിറ്റ് മാസങ്ങളായിട്ടും പണം ഇനിയും കിട്ടിയില്ല. കൃഷിച്ചെലവും കൂടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വിരിപ്പു കൃഷി വേണ്ടെന്ന് വയ്ക്കുകയേ മാർഗമുള്ളൂ. ഇനി ഒരു ഭാഗ്യ പരീക്ഷണത്തിനില്ല.

-ജയപ്രകാശ് (നെൽകർഷകൻ )