വൈക്കം : സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കുമ്പോൾ മത്സരം ഒഴിവാക്കി സമവായത്തിലൂടെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട വി.കെ.സന്തോഷ് കുമാറിനാണ് സാദ്ധ്യത. മത്സരം ഒഴിവാക്കണമെന്ന നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന്റേത്. സ്വയം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു കത്തുനൽകിയിരുന്നു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. വി.കെ. സന്തോഷ് കുമാർ, വി.ടി. തോമസ്, എം.എ.ഷാജി, സി.കെ. ആശ എം.എൽ.എ, ജിജോ ജോസഫ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ, പി.പി.സുനീർ എം.പി, ടി.വി.ബാലൻ, സി.പി.മുരളി, പി.പ്രസാദ്, കെ.കെ.അഷ്രഫ്, പി.വസന്തം എന്നിവർ പ്രസംഗിച്ചു. പാർട്ടിയുടെ ജന്മശതാബ്ദി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിനിധികളുടെ രാഷ്ട്രീയ സംഘടന റിപ്പോർട്ടിൻ മേലുള്ള ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി മറുപടി പറയും. തുടർന്ന് സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പുതിയ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുക്കും.
മദ്യനയം : സർക്കാരിനെ
വിമർശിച്ച് പ്രമേയം
കള്ള് ചെത്ത് വ്യവസായത്തോടുള്ള സർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും സി.പി.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മദ്യവർജ്ജനമാണ് എൽ.ഡി.എഫിന്റെ പ്രഖ്യാപിത നയം. മദ്യവർജ്ജനം അടിസ്ഥാനമാക്കിയ മദ്യനയത്തിന് പകരം വിദേശമദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് നടപ്പാക്കുന്നത്.വിദേശ മദ്യം എവിടെയും ലഭ്യമാക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിക്കുന്നു. സാധാരണക്കാർ പണിയെടുക്കുന്ന കള്ള് ചെത്ത് വ്യവസായത്തെ തകർച്ചയുടെ പടുകുഴിയിലേക്ക് നയിക്കുകയാണ് . ടോഡി ബോർഡ് ആരംഭിച്ചെങ്കിലും ഈ രംഗത്ത് ഇടപെടാൻ കഴിയുന്നില്ലെന്നും പ്രമേയം പറയുന്നു. സംഘടനാ റിപ്പോർട്ടിലും മദ്യനയത്തിനെതിരെ വിമർശനമുണ്ട്. ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പ്രമേയം അവതരിപ്പിച്ചു.