road

വൈക്കം. കണ്ടാൽ പറയുമോ റോഡെന്ന്. കോലം അങ്ങനെയായി അതാണ് വാസ്തവം. മൂന്ന് പതിറ്റാണ്ടായി തകർന്ന് തരിപ്പണം. ആയുർവേദപടി , പാലയ്ക്കൽ , ഓർശ്ശേം, നേരെക്കടവ് തീരദേശ റോഡ് പുനർനിർമ്മാണം എന്നെന്ന കാര്യത്തിൽ അധികാരികൾക്ക് മിണ്ടാട്ടമില്ല. വല്ലാത്ത ദുരിതമെന്ന് തീരദേശവാസികൾക്ക് ഒരേ സ്വരത്തിൽ പറയുന്നു. ഉദയനാപുരം പഞ്ചായത്തിന്റെ പതിനഞ്ചാം വാർഡിനേയും നഗരസഭ 25, 26 വാർഡുകളേയും ബന്ധിപ്പിക്കുന്ന റോഡാണിത്.

മൂന്ന് കിലോമീ​റ്റർ വരുന്ന റോഡിന്റെ തുടക്കം മുതൽ അവസാനം വരെ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുകയാണ്. ചെറിയോരു മഴയിൽ പോലും റോഡ് പെയ്ത്തുവെളളത്തിൽ മുങ്ങുന്നത് വിദ്യാർത്ഥികളുടെ സ്‌കൂൾ യാത്രയ്ക്ക് തടസമാണ്. അത്യാവശ്യം ഒരു രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും യാത്ര സൗകര്യമില്ലാത്ത സ്ഥിതി. തീരദേശ വാസികളായ നൂറു കണക്കിന് കുടുംബങ്ങൾ റോഡിന്റെ ശോച്യാവസ്ഥയിൽ വിഷമിക്കുകയാണ്.

പരാതി വെറുതെയായി.

റോഡിന്റെ പുനർനിർമ്മാണം ആവിശ്യപ്പെട്ട് നിരവധി തവണ അധികാരികൾക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല. തീരദേശ പരിപാലന പദ്ധതിയിൽപെടുത്തി പുനർ നിർമ്മാണം നടത്തുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. നഗരപ്രദേശങ്ങളിലുളള സ്‌കൂളുകളിലേക്ക് കുട്ടികൾക്ക് വന്നുപോകാൻ മാർഗമില്ല. സ്‌കൂൾ വാഹനങ്ങൾക്കും വരാൻ കഴിയുന്നില്ല.

വ്യവസായ മേഖലയായ കോവിലകത്തുംകടവ് മത്സ്യമാർക്ക​റ്റിലേക്ക് വന്നുപോകാൻ പോലും സാഹചര്യമില്ലാത്ത അവസ്ഥ.

വാവകാട്ട്കരി, പനമ്പൂകാട്, നെ​റ്റിപ്പുറം, ഓർശ്ലേം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഏക റോഡ്.

താലൂക്ക് ആശുപത്രി, ആയുർവേദ ആശുപത്രി, വിവിധ സ്‌കൂളുകൾ, ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, റേഷൻകട എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാത.