കോട്ടയം : മുഖ്യമന്ത്രിയ്ക്ക് താരമാകാനായി സംഘടിപ്പിച്ച നവകേരള സദസ് അമ്പേ പരാജയമായിരുന്നെന്ന് സി.പി.ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. കോടികൾ ധൂർത്തടിച്ച് നടത്തിയ പരിപാടികൊണ്ട് ആർക്കെങ്കിലും പ്രയോജനമുണ്ടായോയെന്ന് ആലോചിക്കണം. വെറും ഷോ മാത്രമായിരുന്നു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. മറ്റു മന്ത്രിമാരെ പരിഗണിക്കുന്നില്ലെന്ന് വിവിധ മണ്ഡലങ്ങളിൽ നിന്നുള്ളവർ കുറ്റപ്പെടുത്തി. ജില്ലാ നേതൃത്വത്തിനെതിരായ പണപ്പിരിവ് പരാമർശം പ്രതിനിധികളെ ഞെട്ടിച്ചു. സി.പി.ഐയുടെ മുഴുവൻ വകുപ്പുകളും പരാജയമാണ്. കൃഷി, സപ്ലൈ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് ധനവകുപ്പ് പണം നൽകാതെ ഞെരുക്കുകയാണെന്നാണ് വിമർശനം.
കേരള കോൺഗ്രസിനെതിരായ വിമർശനം പ്രതിനിധികൾ ഉയർത്തിയതോടെ സി.പി.ഐയേക്കാൾ വലിയ പാർട്ടിയാണ് കേരള കോൺഗ്രസ് എന്നു പറഞ്ഞാൽ മണ്ടന്മാർ പോലും വിശ്വസിക്കില്ലെന്നും അതുകൊണ്ട് അതിനെപ്പറ്റി കൂടുതൽ ചർച്ച വേണ്ടെന്നും സംസ്ഥാന പ്രതിനിധിയായ പി.പി. സുനീർ നിർദ്ദേശിച്ചു.
ജില്ലയിൽ വിഭാഗീയത രൂക്ഷം
ജില്ലയിലെ വിഭാഗീയതയുടെ മുനയൊടിക്കണമെന്ന ആവശ്യവും ഉയർന്നു. സെക്രട്ടറിയ്ക്ക് ഇതിൽ പങ്കുണ്ട്. ജില്ലാ സെക്രട്ടറി വന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അട്ടിമറിച്ച് മത്സരത്തിലൂടെയാണ്. കാനം രാജേന്ദ്രൻ മരിച്ച് കനലെരിയും മുൻപ് സെക്രട്ടറിയെ തിരഞ്ഞെടുത്ത നടപടിയെയും പ്രതിനിധികൾ ചോദ്യം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.പി.എമ്മിന് കീഴടങ്ങി. റിപ്പോർട്ടിലെയും ചർച്ചയിലെയും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന കുലംകുത്തികളെ ഒഴിവാക്കണമെന്ന വിമർശനവും ഉയർന്നു.
3 വർഷംകൊണ്ട് പാർട്ടിയുടെ ശക്തി ക്ഷയിച്ചു, ഏകോപനമില്ലാതായി
സംഘടനാ പാരമ്പര്യമുള്ളവരെ വെട്ടി, എ.ഐ.വൈ.എഫ് നേതൃത്വത്തിന് പരിചയമില്ല
പണപ്പിരിവ് പാർട്ടി
സംഘടനാ റിപ്പോർട്ടിൽ എ.ഐ.വൈ.എഫ് സോഷ്യൽ മീഡിയയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന കുറ്റപ്പെടുത്തലുണ്ടായതിന് പിന്നാലെയാണ് പാർട്ടിയെ പണപ്പിരിവ് പാർട്ടിയാക്കി മാറ്റിയെന്ന കടുത്ത വിമർശനം ഉയർന്നത്. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 25,000 രൂപ നൽകിയതൊഴിച്ചാൽ എ.ഐ.വൈ.എഫിന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി എന്ത് നൽകിയെന്ന ചോദ്യവും ഉയർന്നു.