ഇടതുമുന്നണി ഘടക കക്ഷികളിൽ 'ശക്തിമാനായ രണ്ടാമൻ' ആരെന്നതിനെ ചൊല്ലി കേരള കോൺഗ്രസ് (എം), സി.പി.ഐ തർക്കം വെടിനിറുത്തലില്ലാതെ നീളുന്നതാണ് ചുറ്റുവട്ടത്തെ പുതിയ വിശേഷം. മാണിഗ്രൂപ്പ് നേതാക്കൾ ഇടതുമുന്നണിയിലും പ്രവർത്തകർ യു.ഡി.എഫിലുമെന്നതായിരുന്നു സി.പി.ഐ ജില്ലാ സമ്മേളനത്തിൽ ഉയർന്ന പ്രധാന കുറ്റപ്പെടുത്തൽ. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് ശക്തി കേന്ദ്രങ്ങളിൽ ഇടതുസ്ഥാനാർത്ഥി പിന്നിൽ പോയതും സി.പി.ഐയ്ക്ക് വേരോട്ടമുള്ള വൈക്കത്ത് മുന്നിലെത്തിയതും ഉയർത്തിക്കാട്ടിയായിരുന്നു ഈ വിഴുപ്പലക്കൽ. സി.പി.എം കഴിഞ്ഞാൽ സി.പി.ഐയാണ് എൽ.ഡിഎഫിൽ രണ്ടാമത്തെ വലിയ കക്ഷി. മാണി ഗ്രൂപ്പ് കടലാസ് പുലി മാത്രമായതിനാൽ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ് സി.പി.ഐയ്ക്ക് വേണമെന്ന് നേതാക്കൾ പറയുമ്പോൾ വാർഡ് വർദ്ധനക്കനുസരിച്ച് തങ്ങൾക്ക് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നാണ് മാണി ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. മുന്നണിയ്ക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ കൈവശമിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് വരെ നൽകിയാണ് മാണിഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് എടുത്തത്. ജില്ലയിൽ ഒമ്പതിൽ അഞ്ച് നിയമസഭാ സീറ്റ് മാണിഗ്രൂപ്പ് കൊണ്ടു പോയി. വൈക്കം സംവരണ സീറ്റ് മാത്രമാണ് സി.പി.ഐയ്ക്ക് കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും സീറ്റ് കുറഞ്ഞു. 197 സീറ്റ് ലഭിച്ചപ്പോൾ മാണി ഗ്രൂപ്പിന് 400 എണ്ണം ലഭിച്ചു. സി.പി.എം തങ്ങളെ പിണക്കില്ലെന്ന വിശ്വാസത്തിൽ സി.പി.ഐയ്ക്ക് മറുപടി പറയാൻ മാണി ഗ്രൂപ്പ് നേതാക്കൾ താത്പര്യം കാട്ടുന്നില്ല.
സി.പി.ഐ നേതാക്കളുടെ വിമർശനം കേട്ട് ഇതിലും വലുത് കണ്ടിട്ടും കേട്ടിട്ടുമുണ്ടെന്ന് പറഞ്ഞ് വല്യേട്ടനായ സി.പി.എമ്മിനെതിരെ വാ പൊളിച്ചൊരക്ഷരം മിണ്ടാതെ സർക്കാർ നടപടികളെ വിമർശിക്കാതെ പരമാവധി സീറ്റുറപ്പിക്കാനുള്ള 'സുഖിപ്പിക്കൽ കളിയാണ് 'മാണിഗ്രൂപ്പ് നടത്തുന്നത്. പഴഞ്ചൊല്ലിൽ പതിരില്ലാത്തതിനാൽ 'കക്ഷത്തിലിരുന്നതും പോയി. ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല ' എന്ന അവസ്ഥ വല്യേട്ടനോ ചെറിയേട്ടനോ ആർക്കുണ്ടാകുമെന്നതിന് നമുക്ക് കാത്തിരിക്കാം.