francis-george

കോട്ടയം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളാണ് എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ രാജ്യത്തിന് വഴികാട്ടിയാകുന്നതെന്ന് ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ച് ശക്തരാകാനുമുള്ള ഗുരുവചനം എന്നും പ്രസക്തമാണ്. അറിവ് സ്വായത്തമാക്കാനും തുല്യമായ സൗകര്യം ലഭ്യമാക്കാനും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽ നിന്ന് വിരമിച്ച സമിതി ഭാരവാഹികൾക്കുള്ള ഉപഹാരം അദ്ദേഹം സമർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് പി.ജി.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ.സംഗീത വിശ്വനാഥൻ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മഞ്ജു സുജിത് മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച മുൻ നേതാക്കളായ കെ.എസ്.ശിവരാജൻ, കെ.എസ്.ശേഖരൻ, പി.കെ.ഉത്തമൻ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം പിന്നാക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി നിർവഹിച്ചു. കണ്ണൂർ സർവകലാശാല മുൻ വി.സി. ഡോ. പി.ചന്ദ്രമോഹൻ, സമിതി ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് വി.എ.ജനാർദ്ദനൻ, ജില്ലാ സെക്രട്ടറി എ.അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു സ്വാഗതവും, ജില്ലാ ട്രഷറർ ടി.ടി.പ്രസാദ് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി രതീഷ് ജെ.ബാബു (പ്രസിഡന്റ്), കെ.കെ. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി), വി.സജീവ് (ട്രഷറർ), അഡ്വ.എൽ. പ്രസന്നകുമാർ, എം.എൻ. മോഹനൻ, പി.ജി. രാജേന്ദ്രബാബു (വൈസ് പ്രസിഡന്റുമാർ), ഡോ.പി.ബി. സതീഷ് ബാബു, കെ.സുധാകരൻ, എൻ.മോഹനൻ (റീജിയണൽ സെക്രട്ടറിമാർ) എന്നിവരെയും 48 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

സമ്മേളനത്തിൽ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹനാണ് അഡ്വൈസറി ബോർഡ് ചെയർമാൻ. അഡ്വ.പി.കൃഷ്ണകുമാർ വരണാധികാരിയായി.