പാലാ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 25 മുതൽ സെപ്തംബർ എട്ടു വരെ മരിയൻ കൺവൻഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും.
തിരുനാളിന് ഒരുക്കമായി 25 മുതൽ 29 വരെ മരിയൻ കൺവൻഷൻ നടക്കും. വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒൻപതു വരെയാണ് കൺവൻഷൻ. ഏഴുമുട്ടം താബോർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജി പള്ളിക്കുന്നേൽ കൺവൻഷൻ നയിക്കും. 30ന് വൈകുന്നേരം നാലിന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും തിരുനാൾ കൊടിയേറ്റും നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠയും ഉണ്ടായിരിക്കും. വികാരി ഫാ.ജോസഫ് തടത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.
30 മുതൽ സെപ്തംബർ ഏഴു വരെ തിരുനാളിന് എല്ലാ ദിവസവും പുലർച്ചെ 4.30 മുതൽ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, ഏഴ്, 9.30, വൈകുന്നരം നാല്, ഏഴ് എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും വൈകുന്നേരം 5.45ന് ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. ഒന്നിന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധ കുർബാന, സന്ദേശം, പ്രധാന തിരുനാൾ ദിനമായ സെപ്തംബർ എട്ടിന് പുലർച്ചെ 4.30ന് ദിവ്യകാരുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, ഏഴ്, 9.30, 12.30നും വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും . ഉച്ചകഴിഞ്ഞ് 3.45ന് പ്രസുദേന്തി വാഴ്ച, നാലിന് തിരുനാൾ റാസയും നൊവേനയും നടക്കും. ഡോ.അഗസ്റ്റ്യൻ കൂട്ടിയാനി മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.മാത്യു കണിയാംപടിക്കൽ, ഫാ.മാത്യു തെരുവൻകുന്നേൽ, ഫാ.ആന്റണി വില്ലന്താനത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കും. തുടർന്ന് ടൗൺ ചുറ്റിയുള്ള തിരുനാൾ പ്രദക്ഷിണം. ഇടവക വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകും.