pooda

പാലാ : ജനറലാശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാരുമൊക്കെ ഇപ്പോൾ പൂടപ്പഴത്തിന്റെ പുളികലർന്ന മധുരം നുകരുകയാണ്. ആശുപത്രി വളപ്പിലെ പച്ചക്കറിത്തോട്ടത്തിൽ പൂടപ്പഴത്തിന്റെ ഒരു വിത്ത് ഇട്ടതേയുള്ളൂ. ഇപ്പോൾ അവിടമാകെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ച കാണാനും, മധുരം നുകരാനും നിരവധിപ്പേർ എത്തുന്നുണ്ടെന്ന് ഇത് നട്ട് പരിപാലിച്ച ആശുപത്രിയിലെ പാർട് ടൈം സ്വീപ്പർകൂടിയായ മറ്റക്കര ഐക്കരക്കുഴിയിൽ എ.എസ്.ഹരികുമാർ പറയുന്നു.

കളച്ചെടി എന്നറിയപ്പെടുന്ന പൂടപ്പഴം പുതുതലമുറയ്ക്ക് അത്ര പരിചിതമല്ല. പണ്ടുകാലത്ത് ജനങ്ങളുടെ വിശപ്പടക്കിയിരുന്ന ഈ പഴം ഇന്ന് അന്യംനിന്ന് പോയി. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനായ പാസിഫ്‌ളോറ ഫിറ്റിഡ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പൂടപ്പഴം, അമ്മൂമ്മപ്പഴം, പൂച്ചപ്പഴം, കുരങ്ങൻപഴം, കുറുക്കൻപഴം തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ''പച്ചക്കറിത്തോട്ടത്തിനായി നിലമൊരുക്കിയപ്പോൾ കൗതുകം തോന്നുന്ന കായയും ഒരു ചെടിയും കിട്ടി. ഇതേപ്പറ്റി ഗൂഗിളിൽ തെരഞ്ഞപ്പോൾ പൂടപ്പഴത്തിന്റെ കായും ചെടിയുമാണെന്ന് മനസിലായി. നാലുമാസം മുൻപാണ് നട്ടത്. ജല്ലികൊണ്ട് ആവരണം ചെയ്ത ഒരു കറുത്ത കുരു പൂടപ്പഴത്തിനുള്ളിൽ കാണുന്നു.

സർവരോഗ സംഹാരി

വിവിധ നാടുകളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന പൂടപ്പഴം സർവരോഗ സംഹാരിയായ ഔഷധ സസ്യമാണെന്ന് പഴമക്കാർ പറയുന്നു. അൾസറിനെ സുഖപ്പെടുത്താൻ, എല്ലുകളുടെ ശേഷി വർദ്ധിപ്പിക്കാൻ, ബി.പി കുറയ്ക്കാൻ എല്ലാത്തിനും ഉത്തമം. അയൺ, വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

ആസ്മ, ത്വക് രോഗങ്ങൾ, ഹിസ്റ്റീരിയ തുടങ്ങിയവയ്‌ക്കും നല്ലതാണ്. ചെടി സമൂലം വെള്ളത്തിൽ തിളപ്പിച്ച് കുടിച്ചാൽ കുട്ടികളിലെ വിരശല്യം മാറും.