കോട്ടയം : അടുപ്പമുള്ളവരെയെല്ലാം കണ്ണീരിലാഴ്ത്തി യാത്രയായ എം.എസ്.സുമോദ് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് നേതാവ് മാത്രമായിരുന്നില്ല എല്ലാ അർത്ഥത്തിലും കോട്ടയം യൂണിയന്റെ ഭാവി വാഗ്ദാനമായിരുന്നു. ആരോടും പരിഭവമില്ലാത്ത നിറചിരിയോടെയുള്ള ഇടപെടലിലൂടെ പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തിൽ ഇടംപിടിച്ച വ്യക്തിത്വം.
ശ്രീനാരായണഗുരുദേവ കൃതികളെക്കുറിച്ചു പഠിച്ച് ശ്രീനാരയണ ദർശനം സ്വായത്തമാക്കിയ സുമോദ് മികച്ച പ്രഭാഷകൻ കൂടിയായിരുന്നു. ഞായറാഴ്ച കോട്ടയം യൂണിയൻ ഓഫീസിൽ നടന്ന ശ്രീനാരായണ പഠന കേന്ദ്രം വാർഷിക യോഗത്തിൽ സംസാരിച്ച് മടങ്ങിയ സുമോദ് വെള്ളൂർ വയൽ വാരം ശാഖയിലെ മീറ്റിംഗിൽ ഒരുമണിക്കൂറോളം പ്രസംഗിച്ച് സംഘാടകരോട് കൂടുതൽ സമയം ചോദിച്ചാണ് ഗുരുദേവനെക്കുറിച്ച് പ്രഭാഷണം പൂർത്തിയാക്കിയത്. അടുത്തൊന്നും ഇത്ര നല്ല പ്രഭാഷണം കേട്ടിട്ടില്ലെന്ന് സുമോദിന്റെ മരണ വാർത്ത വിശ്വസിക്കാനാവാതെ അവിടുത്തെ ശാഖാ ഭാരവാഹികൾ പ്രതികരിച്ചതായി യൂത്ത്മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റും, ആത്മ സുഹൃത്തുമായ സജീഷ് മണലേൽ പറഞ്ഞു.
സംഘടനാ പ്രവർത്തനത്തിൽ സുമോദ് എന്നും മുന്നണിപ്പോരാളിയായിരുന്നു. കോട്ടയം യൂണിയന്റെ കീഴിലുള്ള 103 ശാഖകളിലും യൂത്ത്മൂവ്മെന്റ് യൂണിറ്റ് കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്നു. യൂത്ത്മൂവ്മെന്റ് സിൽവർ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിച്ചതിന് നേതൃത്വം നൽകി. വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷം, ആശാൻ ചരമശതാബ്ദി ആചരണം തുടങ്ങി നിരവധി പരിപാടികൾ നടത്തി. നാഗമ്പടം മഹാദേവ ക്ഷേത്രോത്സവം, യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി നടന്ന യൂണിയൻ നേതൃയോഗം എന്നിവ വൻ വിജയമാക്കുന്നതിന് അഹോരാത്രം പ്രയത്നിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയനായി. കോട്ടയം യൂണിയൻ ഡ്രൈവറായിരുന്ന അഭിലാഷ് മരിച്ചപ്പോൾ യൂത്ത്മൂവ്മെന്റ് സിൽവൽ ജൂബിലിയുടെ ഭാഗമായി 11 ലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമ്മാണം പൂർത്തിയാക്കുന്നതിനും കോ-ഓർഡിനേറ്റർ എന്ന നിലയിൽ മുന്നിൽ നിന്നു പ്രവർത്തിച്ചു.