കോട്ടയം: നെഹൃട്രോഫി വള്ളംകളിക്ക് രണ്ടാഴ്ച ശേഷിക്കേ ജില്ലയിൽ നിന്ന് ചുണ്ടനുകളിൽ മത്സരിക്കുന്ന മൂന്ന് ക്ലബുകളും കടുത്തപരിശീലനത്തിൽ.

കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലും ഇമ്മാനുവൽ ബോട്ട് ക്ലബ്ബ് നടുവിലേപ്പമ്പൻ ചുണ്ടനിലും( പഴയ ഇല്ലിക്കളം ) ചങ്ങനാശേരി ബോട്ട് ക്ലബ് ചമ്പക്കുളം ചുണ്ടനിലുമാണ് മത്സരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കുമരകം ബോട്ട്ക്ലബ് ഇക്കുറി മത്സരത്തിനില്ല.

ടൗൺബോട്ട് ക്ലബ് ശ്രീകുമരമംഗലം ക്ഷേത്രക്കടവിൽ തുടക്കമിട്ട പരിശീലനം ഇപ്പോൾ മുത്തേരിമടയിലേക്ക് മാറ്റി. ചങ്ങനാശേരി ബോട്ട് ക്ലബ് കിടങ്ങറ പുത്തൻ ആറ്റിലാണ് പരിശീലനം. ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ പരിശീലനം ഇന്നലെയാണ് ആരംഭിച്ചത്.

രാവിലെയും വൈകുന്നേരവുമാണ് പരിശീലന തുഴച്ചിൽ. ഓരോ ടീമിലും നൂറിലേറെ തുഴച്ചിലുകാരുണ്ട്.

അന്യസംസ്ഥാനക്കാർ @ 20

ഒരു ടീമിൽ 20 അന്യസംസ്ഥാനക്കാരെ വരെ ഉൾപ്പെടുത്താം. കാശ്മീർ,മണിപ്പൂർ, ഉത്തരഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള കാനോയിംഗ് കയാംക്കിംഗ് താരങ്ങളെയാണ് എത്തിച്ചിരിക്കുന്നത്. നാട്ടുകാരായ തുഴച്ചിൽകാർക്ക് 1000 രൂപ ദിവസക്കൂലി നൽകുമ്പോൾ അന്യസംസ്ഥാനക്കാർക്ക് 1500 വരെ നൽകും. വൻ തുക വാഗ്ദാനം നൽകിയാണ് പ്രമുഖ ബോട്ട് ക്ലബുകളെല്ലാം ദേശീയ തുഴച്ചിൽ താരങ്ങളെ എത്തിച്ചിരിക്കുന്നത്.