കോട്ടയം: ഇടതുമുന്നണി ഘടകകക്ഷികൾക്കിടയിൽ വലിപ്പചെറുപ്പ തർക്കമില്ലെന്ന് സി.പി.ഐയുടെ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.സന്തോഷ്‌കുമാർ പറഞ്ഞു. കേരളാ കോൺഗ്രസ് എം ഇടതു മുന്നണിയിൽ വന്നപ്പോൾ മുന്നണി ധാരണ അനുസരിച്ച് മറ്റു ഘടകകക്ഷികളുടെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടി വന്നിട്ടുണ്ട്. ഐക്യത്തോടെയാണ് ഇടതുമുന്നണി പ്രവർത്തനം. ഒരു തദ്ദേശസ്ഥാപനത്തിലും സ്ഥാനം വീതംവെക്കുന്നതിനെചൊല്ലി തർക്ക മുണ്ടായിട്ടില്ലെന്ന് പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസിൽ സന്തോഷ് കുമാർ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിൽ വാർഡുകൾ കൂടിയതനുസരിച്ചുള്ള സീറ്റുകൾ ഘടകകക്ഷികൾ വീതംവെക്കും.അർഹമായ സീറ്റ് സി.പി.ഐക്കും ലഭിക്കണം. സർക്കാരിന്റെ ഇമേജിന് കോട്ടം തട്ടിയിട്ടില്ല. സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.