വൈക്കം: എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയിലെ കുടുംബയൂണിറ്റുകളുടെ 25-ാമത് വാർഷികവും ശ്രീനാരായണ കൺവെൻഷൻ, പ്രാർത്ഥനാലയ സമർപ്പണവും ഇന്ന് മുതൽ 20 വരെ നടക്കും. ഇന്ന് വൈകിട്ട് 4ന് ഏനാദി ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന രജതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം പ്രീതി നടേശൻ നിർവഹിക്കും. സമ്മേളന ഉദ്ഘാടനവും ശ്രീനാരായണ പ്രാർത്ഥനാലയത്തിന്റെ സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറയും. യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ചടങ്ങിൽ ആദരിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി.പ്രസാദ് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ശാഖയിലെ വനിതാസംഘം സമാഹരിച്ച് പ്രസിദ്ധീകരിച്ച ''ഗുരുഗീതം'' പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം പ്രീതി നടേശൻ നിർവഹിക്കും. പി.ജി.ശാർങ്ങധരൻ മാസ്റ്ററെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, ശാഖാ സെക്രട്ടറി വി.വിനു, വൈസ് പ്രസിഡന്റ് പി.സി.ഹരിദാസൻ, പ്രസിഡന്റ് എ.റ്റി.പ്രദീപ്കുമാർ, തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് അന്നദാനവും നടക്കും. 18ന് വൈകിട്ട് 6ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ''ശ്രീനാരായണ ഗുരുവിലെ ഈശ്വരീയത'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എ.റ്റി.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കും. 19ന് വൈകിട്ട് 6ന് ''പരമാചാര്യ നമസ്തേ'' എന്ന വിഷയത്തിൽ മുസ്തഫ മൗലവി പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി വി.വിനു അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 6ന് ''ശ്രീനാരായണ ഗുരുവും എസ്.എൻ.ഡി.പി യോഗവും'' എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. ശാഖാ വൈസ് പ്രസിഡന്റ് പി.സി.ഹരിദാസൻ അദ്ധ്യക്ഷത വഹിക്കും. 17 മുതൽ 20 വരെ എല്ലാ ദിവസവും രാവിലെ 8ന് മഹാഗുരുപൂജ, വൈകിട്ട് 8ന് അന്നദാനം എന്നിവയും നടക്കും.