ചങ്ങനാശേരി : കോട്ടയം ജില്ലാ സഹകരണ ആശുപത്രിസംഘം ഡി.സി.എച്ചിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം 19ന് രാവിലെ 10ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ചങ്ങനാശേരി ഹെഡ് പോസ്റ്റോഫീസിന് എതിർവശത്തുള്ള നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് നീതി മെഡിക്കൽ സ്റ്റോറും ലബോറട്ടറിയും ആരംഭിക്കുന്നത്. എല്ലാ ലാബ് പരിശോധനകളും കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. മുതിർന്ന പൗരൻമാർക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ഡി.സി.എച്ചിന്റെ ചങ്ങനാശേരി ബ്രാഞ്ചിൽ നിന്നും ലഭിക്കും. ചടങ്ങിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ സ്വാഗതം പറയും. ജില്ലാ സഹകരണ അർബൻ ബാങ്ക് പ്രസിഡന്റ് ടി.ആർ രഘുനാഥൻ മുഖ്യാതിഥിയായിരിക്കും.