d

ഏത്ര ഉത്പാദിപ്പിച്ചാലും സംഭരിക്കുക 22 ക്വിന്റൽ

കോട്ടയം: കർഷകരിൽ നിന്ന് നെല്ലു സംഭരിക്കുന്നതിൽ നിയന്ത്രണം വരുന്നു. എത്ര ക്വിന്റൽ നെല്ല് ഉത്പാദിപ്പിച്ചാലും 22 ക്വിന്റൽ മാത്രം ഒരു കർഷകനിൽ നിന്ന് സംഭരിച്ചാൽ മതിയെന്ന നിബന്ധന സർക്കാർ കൊണ്ടു വരുന്നു. ഒരു ഏക്കറിൽ നിന്ന് 20 മുതൽ 30 ക്വിന്റൽ വരെ വിളവ് ലഭിക്കുമ്പോഴാണ് ഈ നിയന്ത്രണം. കേന്ദ്ര വിഹിതം വൈകുന്നതിനാൽ നെല്ല് സംഭരിച്ചതിന്റെ കുടിശികയിലെ കാലതാമസം സർക്കാരിന് നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടു വരുന്നത്. 22 ക്വിന്റലിൽ അധികം വരുന്ന നെല്ല് വിൽക്കാൻ ആളെ കണ്ടെത്തേണ്ട ഗതികേടിലാകും കർഷകർ. മഴക്കാലമായാൽ നെല്ല് നശിച്ചു വൻ നഷ്ടവുമുണ്ടാകും. കുറഞ്ഞ വില നൽകി കർഷകരെ ഏജന്റന്മാർ കബളിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് വിമർശനം .

നെല്ലുസംഭരണത്തിന്റെ മറവിൽ യഥാർത്ഥ നെൽ കർഷകർ അല്ലാത്തവർ വലിയ തോതിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് നെല്ല് കൊണ്ടുവന്നു തട്ടിപ്പു നടത്തുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നിയന്ത്രണംകൊണ്ടുവന്നതെങ്കിലും ദോഷം അനുഭവിക്കുന്നത് സാധാരണ കർഷകരാണ്.

എലിയെ പേടിച്ച് ഇല്ലം ചുടുന്നു

നെല്ലു സംഭരണത്തിനുള്ള രജിസ്ടേഷൻ സർക്കാർ ആരംഭിക്കുമ്പോൾ റേഷൻ കാർഡോ ആധാറോ അടിസ്ഥാനമാക്കിയാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നു നെല്ല് കൊണ്ടുവന്നുള്ള തട്ടിപ്പ് ഇല്ലാതാക്കാം. കൊയ്തു കഴിയുന്ന പാടത്തുവെച്ച് തന്നെ നെല്ല് സംഭരിച്ചാലും തട്ടിപ്പ് ഒഴിവാക്കാനാകും. ഇതിനുള്ള ഒരു ശ്രമവും നടത്താതെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് നെല്ലുകൊണ്ടുവന്നു തട്ടിപ്പ് നടത്തുന്നവരെ നിയന്ത്രിക്കാനെന്ന പേരിൽ 22 ക്വിന്റൽ നിബന്ധന കൊണ്ടു വരുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവൻ സംഭരിച്ച് അവരെ സഹായിക്കേണ്ട സർക്കാർ നിബന്ധന വെക്കുന്നത് ശരിയല്ലെന്നാണ് കർഷകരുടെ പരാതി. അന്യ സംസ്ഥാന ഏജന്റന്മാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് വ്യാജ രേഖകളിലൂടെ സംഭരണ തട്ടിപ്പ് നടത്തുകയാണെന്നാണ് പ്രധാന ആരോപണം.

കർഷകർ ബുദ്ധിമുട്ടി കൃഷി ചെയ്തു എത്ര വിളവ് ഉണ്ടായാലും 22 കിന്റൽ നെല്ല് മാത്രമേ സംഭരിക്കൂ എന്ന നിബന്ധന വെക്കാതെ തമിഴ്ത നാടി ലോബി നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

എബി ഐപ്പ് (കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി )