വൈക്കം : വൈക്കം - വെച്ചൂർ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിലെന്ന് സി.കെ.ആശ എം.എൽ.എ പറഞ്ഞു. കിഫ്ബിയിൽ നിന്നനുവദിച്ച 85. 77 കോടി കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തിരം കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന് കൈമാറി. ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമപ്രകാരമുള്ള വിജ്ഞാപനം തയ്യാറായി വരികയാണ്. ഗസറ്റ് വിജ്ഞാപനം വന്നാൽ 30 ദിവസത്തെ നോട്ടീസ് നൽകി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരിൽക്കേട്ട് ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിന് ശേഷം ഭൂമി വില കൈമാറാനാകുമെന്നും എം.എൽ.എ വിശദീകരിച്ചു. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനകീയ സമിതി ചെയർമാൻ പി.സുഗതൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ. കെ.കെ.രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, തലയാഴം ഗ്രാമപഞ്ചായത്ത് പ്ലാനിംഗ് ബോർഡ് അംഗം എം.ഡി ബാബുരാജ് എന്നിവർ പങ്കെടുത്തു.