drama

കോട്ടയം: ഓണമടുത്തതോടെ സംസ്ഥാനത്ത് നാടകവസന്തത്തിനു കൂടിയാണ് കർട്ടനുയരുന്നത്. പഴയതും പുതിയതുമായ നാടക സമിതികളെല്ലാം സജീവമാണ്. രംഗപടവും റിഹേഴ്സലും സഫലമാക്കുന്നതിന്റെ തിരക്കിലാണ് എല്ലാവരും. അമേച്വർ സമിതികളും നാടകാവതരണത്തിന്റെ തിടുക്കത്തിലാണ്. പുതിയ 115 നാടകങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 22 പുതിയ സമിതികളും രൂപം കൊണ്ടിട്ടുണ്ട്. ശരാശരി 100നു മുകളിൽ വേദികളെങ്കിലും ലഭിക്കുമെന്നാണ് പ്രൊഫഷണൽ സംഘങ്ങളുടെ കണക്കുകൂട്ടൽ. ദിവസം രണ്ടും മൂന്നും വേദികളിൽ നാടകം അവതരിപ്പിച്ചിരുന്ന കാലം തിരിച്ചെത്തിയില്ലെങ്കിലും കൊവിഡിനു ശേഷം ആസ്വാദകരിലുണ്ടായ മാറ്റം പുതിയ സമിതികളുടെ വരവിന് കാരണമായി. ഓണക്കാലത്ത് തുടങ്ങുന്ന സീസൺ അടുത്ത മേയ് വരെ നീളും.

ചെലവ് കൂടി, 16 ലക്ഷം വരെ

അഞ്ചു വ‌ർഷം മുൻപ് 8 മുതൽ 10 ലക്ഷം രൂപവരെ ഒരു നാടകത്തിന് ചെലവാകുമായിരുന്നു. ഇപ്പോഴത് 16 ലക്ഷം വരെയായി. പോസ്റ്റർ മുതൽ അരങ്ങിലെത്തുമ്പോൾ വരെയുള്ള ചെലവ് വർദ്ധിച്ചു. സാങ്കേതിക പ്രവർത്തകരുടെ പ്രതിഫലം,​ രംഗപടം ഉൾപ്പെടെയുള്ള പശ്ചാത്തല സങ്കേതങ്ങളുടെ ചെലവ് എന്നിവയെല്ലാം കൂടി. അഭിനേതാക്കൾക്ക് അരങ്ങിനനുസരിച്ചാണ് പ്രതിഫലം. ഒരുമാസമെങ്കിലും വേണം റിഹേഴ്സലിന്.

'പുതിയ സമിതികൾ വരുന്നത് മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നു. പശ്ചാത്തലമൊരുക്കാൻവേണ്ട അസംസ്കൃത വസ്തുക്കളുടെ വില കൂടിയത് ഭാരമാകുന്നുണ്ട്".

- ആർട്ടിസ്റ്റ് സുജാതൻ

'ബുക്കിംഗ് ആരംഭിച്ചു. നിശ്ചിത ശതമാനം ആസ്വാദകർ ഇപ്പോഴും നാടകത്തിനുണ്ട് എന്നതാണ് ആശ്വാസവും ആവേശവും".

- പ്രദീപ് മാളവിക,വൈക്കം മാളവിക