കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ സെപ്തംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ മുന്നൊരുക്കയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
സുരക്ഷ ഒരുക്കുന്നതിനായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ്, റവന്യൂ, എക്‌സൈസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തടസരഹിതമായ വൈദ്യുതി കെ.എസ്.ഇ.ബി ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും, ആംബുലൻസ് സേവനവുമുണ്ടാകും. ഫയർഫോഴ്‌സ് യൂണിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽ നിന്നും പ്രത്യേകമായി 10 സർവീസുകൾ നടത്തും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെയും സബ് കളക്ടറെയും ചുമതലപ്പെടുത്തി. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിനും ഗ്രാമപഞ്ചായത്തിനും നിർദ്ദേശം നൽകി.
കളക്ടർ ചേതൻകുമാർ മീണ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, എ.ഡി.എം എസ്.ശ്രീജിത്ത്, സബ് കളക്ടർ ആകാശ് ഗോയൽ, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ് എന്നിവർ പങ്കെടുത്തു.