പാലാ: രാഷ്ട്രീയ വിവാദങ്ങൾക്ക് പാലമിട്ട പാലാ കളരിയാംമാക്കൽ പാലത്തിന് ഇത്തവണയെങ്കിലും അപ്രോച്ച് റോഡ് ഉണ്ടാകുമോ. ഇന്നലെ മീനച്ചിൽ പഞ്ചായത്ത് , പാലാ നഗരസഭാ അധികൃതരും വിളിച്ചു ചേർത്ത ഭൂവുടമകളുടെ യോഗത്തിൽ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകുന്നതിന് പൂർണ്ണ സമ്മതമാണെന്ന് സ്ഥലമുടമകൾ വാഗ്ദാനം ചെയ്തതിലാണ് നാട്ടുകാരുടെ പ്രതീക്ഷ. ഉചിതമായ നഷ്ടപരിഹാരം ലഭ്യമാക്കിയാൽ സ്ഥലം വിട്ടുനൽകുന്നതിന് യാതൊരു എതിർപ്പുമില്ലെന്ന് ഭൂവുടമകൾ പറഞ്ഞു. എത്രയുംവേഗം നടപടികൾ പൂർത്തിയാക്കി റോഡ് പൂർണ്ണമാക്കണമെന്നാണ് ഇവരുടെ നിലപാട്.

അപ്രോച്ച് റോഡിനായി രണ്ട് പേരുടെ സ്ഥലം മാത്രം മതിയെന്നും അവർ സ്ഥലം വിട്ടുനൽകാൻ തയ്യാറല്ലെന്നും ചിലർ അടുത്ത കാലം വരെ പ്രചരിപ്പിച്ചിരുന്നത് തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയും, മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയും പറഞ്ഞു. അഞ്ച് പേരുടെ സ്ഥലമാണ് അപ്രോച്ച് റോഡിനായി ആവശ്യമുള്ളത്. ഭൂമി കൊടുക്കാമെന്ന് ഒരാൾ പറഞ്ഞതായി വന്ന പ്രചാരണവും ശരിയല്ല. ആ വ്യക്തിക്ക് പാലത്തിനടുത്ത് സ്വന്തമായി ഭൂമി പോലും ഇല്ല. ജനം ചുമതല ഏല്പിച്ച ചില ജനപ്രതിനിധികൾ കൈ ഒഴിഞ്ഞതോടെയാണ് തങ്ങൾ ഇക്കാര്യത്തിൽ ഇടപെട്ട് തുടർനടപടികൾ സ്വീകരിച്ചതെന്നും ഇരുവരും പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ബി. ബിജുവും യോഗത്തിൽ പങ്കെടുത്തു.

സാമൂഹിക പ്രത്യാഘാത പഠന സമിതിയെത്തി

കളരിയാംമാക്കൽ കടവ് പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള പൊതുതെളിവെടുപ്പ് ഇന്നലെ നടന്നു. ജോസ്.കെ.മാണി എം.പി ഇടപെട്ടതിനെ തുടർന്നാണ് കളമശ്ശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ വിദഗ്ദ്ധർ ഇന്നലെ സ്ഥലത്തെത്തിയത്. 13 വർഷം മുമ്പ് പണിത പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാത്തതുമൂലം ജനങ്ങൾ ദുരിത്തിലാണെന്ന് ''കേരള കൗമുദി'' റിപ്പോർട്ട് ചെയ്തിരുന്നു.

2020 ൽ 13.39 കോടി രൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല

ഭൂമി ഏറ്റെടുക്കലിനായുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നത് ഇപ്പോൾ

ഉചിതവും അർഹതപ്പെട്ടതുമായ നഷ്ടപരിഹാരം ഉറപ്പാക്കുക ലക്ഷ്യം


ഫോട്ടോ അടിക്കുറിപ്പ്
കളരിയാംമാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പൊതുതെളിവെടുപ്പ് യോഗത്തിൽ മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് സാജോ പൂവത്താനി സംസാരിക്കുന്നു.