മീനച്ചിൽ : പാലാക്കാട്ടെ പബ്ലിക് സ്‌കൂൾ കീഴടക്കി വാഴുന്ന തെരുവുനായ്ക്കൾക്കെതിരെ പരാതിയുമായി ഒടുവിൽ സ്‌കൂൾ അധികൃതർ രംഗത്തെത്തി. തെരുവുനായ്ക്കൾ സ്‌കൂളിൽ അന്തിയുറങ്ങിയിട്ടും, കുട്ടികളുടെ പിന്നാലെ ഓടി ആക്രമിക്കാൻ ശ്രമിച്ചിട്ടും സ്‌കൂൾ അധികൃതർ തയ്യാറായിട്ടില്ലെന്ന വിവരം ''കേരള കൗമുദി'' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്ത് അധികാരികളുമായി പ്രത്യേകിച്ച് വാർഡ് മെമ്പറുമായി തങ്ങൾ നല്ല ബന്ധത്തിൽ പോകുന്നതുകൊണ്ടാണ് രേഖാമൂലം പരാതി നൽകാത്തത് എന്നായിരുന്നു പ്രിൻസിപ്പൽ ബോബി തോമസിന്റെ വാദം. എന്നാൽ വാർത്ത പുറത്തുവന്നതോടെ എത്രയുംവേഗം രേഖാമൂലം പഞ്ചായത്തിന് പരാതി നൽകിയേ തീരൂ എന്ന ആവശ്യവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഇതോടെയാണ് മീനച്ചിൽ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകിയത്. കുട്ടികളും, രക്ഷിതാക്കളും ആശങ്കയിലാണെന്ന് പ്രിൻസിപ്പൽ ബോബി തോമസ്, മാനേജർ സിസ്റ്റർ ലിയോണ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന ഇത്തരം സാഹചര്യം പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.