കുമരകം : ഈ റോഡ് നന്നാക്കി കിട്ടാൻ ഇനി എത്രനാൾ കാത്തിരിക്കണം? വെളിയം , കൊല്ലകേരി നിവാസികളുടെ ചോദ്യത്തിൽ കഴമ്പുണ്ട്. പൊട്ടിപ്പൊളിഞ്ഞ കണ്ണാടിച്ചാൽ നാരകത്ര റോഡിലെ കുഴിയിൽ വീണ് നാട്ടുകാർ സഹികെട്ടു. കണ്ണെത്തുന്നിടത്തെല്ലാം കുഴി. ചിന്നിച്ചിതറി കിടക്കുന്ന മെറ്റിലുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരുപോലെ ദുരിതം. കണ്ണാടിച്ചാൽ - കാക്കരയം റോഡിലൂടെ മൂന്നര കിലോമീറ്ററോളം യാത്ര ചെയ്താൽ മാത്രമേ പ്രദേശവാസികൾക്ക് കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താനാവൂ. വായിത്ര മുതൽ കണിയാന്ത്രവരെയുള്ള ഭാഗം പഞ്ചായത്ത് പദ്ധതി പ്രകാരം റീടാറിംഗിനായി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുത്തിയിളക്കിയിട്ടിട്ട് നാലു മാസമായി. മകനോടൊപ്പം പോകവെ ഇരുചക്രവാഹനം കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റത് അടുത്തിടെയാണ്. കണ്ണാടിച്ചാൽ പാലത്തിന്റെ പ്രവേശന പാതയുടെ വടക്ക് ഭാഗത്തുള്ള കുഴികളിലും വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
വിളിച്ചാൽ ആരും വരില്ല
അത്യാവശ്യമായി ഒന്ന് വരണം? വെളിയം , കൊല്ലകേരി നിവാസികൾ ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷക്കാർ നോ പറയും. അവരുടെ കുറ്റമല്ല. റോഡിന്റെ അവസ്ഥ അത്രകണ്ട് മോശമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷക്കാർ പോലും പ്രദേശത്തേക്ക് എത്താൻ മടിക്കുകയാണ്. റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ മറുപടി പോലും ഉണ്ടാകുന്നില്ല. കരാറുകാരൻ ചികിത്സയിലായതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിന്നു പോയതെന്നും മഴ മാറുന്ന മുറയ്ക്ക് പണി പൂർത്തിയാക്കുമെന്നുമാണ് പഞ്ചായത്ത് ജനപ്രതിനിധികൾ പറയുന്നത്.
മഴ പെയ്താൽ വെള്ളക്കെട്ട്
നാനൂറോളം കുടുംബങ്ങൾ താമസിക്കുന്ന കണ്ണാടിച്ചാൽ കാക്കരയം റോഡ് കുമരകം പഞ്ചായത്തിലെ 5,7 വാർഡുകളിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ മഴക്കാലത്ത് വെള്ളം കയറുന്നതും പതിവാണ്. ഇതാണ് റോഡ് തകർച്ചയ്ക്ക് ആക്കംകൂട്ടുന്നത്.
റോഡിനെ ആശ്രയിക്കുന്നത് : 400 ലേറെ കുടുംബങ്ങൾ
''വേനൽക്കാലത്ത് വെട്ടിപ്പൊളിച്ച റോഡ് പൂർത്തിയാക്കാത്ത സാഹചര്യത്തിൽ മറ്റു കരാറുകാരെ കണ്ടെത്തി പണിയയണം. കണ്ണാടിച്ചാൽ മുതൽ കാക്കരയം വരെ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളിൽ മക്ക് ഇറക്കി അപകടാവസ്ഥ പരിഹരിക്കണം.
രതീഷ്, പ്രദേശവാസി