കാഞ്ഞിരപ്പള്ളി : അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞമാസം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ഒരാഴ്ച അടച്ചിട്ടിട്ടും പ്രവേശനപാത തകർന്ന് തന്നെ. വ്യാപാരികളും, ബസുടമകളും , നാട്ടുകാരും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം. ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണ് ഇപ്പോൾ. കോൺക്രീറ്റ് റോഡ് തകർന്നതോടെ അതിനുമുകളിൽ നേരത്തെ ടാർ ചെയ്തിരുന്നു. അതാണ് തകർന്നത്. കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാൻ മാത്രം വീതിയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഓടയില്ലാത്തതും റോഡ് പെട്ടെന്ന് തകരാൻ കാരണമാണ്.

ഗതാഗതക്കുരുക്കിനിടയാക്കും

സ്റ്റാൻഡിലേക്കുള്ളപ്രവേശനപാത തകർന്നത് ദേശീയപാതയിൽ കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കും. തകർന്ന റോഡിലൂടെ ബസുകൾ പതുക്കെയാണ് കടന്നുപോകുന്നത്. പിറകെ വരുന്ന ബസുകൾ ദേശീയപാതയിൽ കാത്തുകിടക്കുന്നതാണ് തടസമാകുന്നത്.

ഇനി റോഡ് നന്നാക്കണമെങ്കിൽ സ്റ്റാൻഡ് വീണ്ടും അടയ്ക്കണം. ഇത് വ്യാപാരികളെ കൂടുതൽ ദുരിതത്തിലാക്കും.
സജി,നഗരത്തിലെ വ്യാപാരി