കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം റോഡ് കൈയ്യേറി നിർമ്മിച്ച അനധികൃത കടകൾ പൊളിച്ചുമാറ്റി. ഇന്നലെ രാവിലെ 10.30 ഓടെ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടി. നിലവിലുള്ള പ്രധാനപാതയ്ക്ക് പിന്നിലെ 30 അടിയോളം വീതിയുള്ള പഴയ റോഡ് കൈയേറി 14 പേർ കടമുറികൾ നിർമ്മിച്ച് വർഷങ്ങളായി കച്ചവടം നടത്തുകയായിരുന്നു. ആർപ്പൂക്കര പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തിപങ്കിടുന്ന റോഡാണ് കൈയേറിയത്.പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, വൈസ് പ്രസിഡന്റ് അനു ഫിലിപ്പ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
24 വർഷം മുൻപ് ഒഴിപ്പിക്കാൻ വിധി
കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ 24 വർഷം മുൻപ് പഞ്ചായത്തിന് അനുകൂലമായി കോടതി വിധി വന്നെങ്കിലും ഒഴിപ്പിക്കാനെത്തിയവരെ കച്ചവടക്കാർ സംഘടിതമായി തടഞ്ഞു. നേരത്തെ ലൈസൻസ് നൽകിയിരുന്ന 13 പേരെ പുനരധിവസിപ്പിക്കാൻ പഞ്ചായത്ത് സമീപത്ത് കടമുറികൾ നിർമ്മിച്ചു. 10 പേരെ ഇങ്ങോട്ടേയ്ക്ക് മാറ്റി. എന്നാൽ ഇവർ പഴയകടകൾ പൊളിച്ചുമാറ്റാതെ മറ്റുചിലർക്ക് കൈമാറി. ഇതോടെ പഞ്ചായത്തും നഗരസഭയും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു.