പാലാ: നഗരസൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മുഴുവൻ റൗണ്ടാനകളും പൂച്ചെടികൾ വച്ച് മനോഹരമാക്കാൻ പാലാ നഗരസഭ. ടൗൺ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും ഉടൻ നവീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പത്രസമ്മേളനത്തിൽ അറിയിച്ചു. റൗണ്ടാന നവീകരണത്തിന് ചില വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. പാലാ ടൗൺ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. കളക്ടറുടെ അനുമതി വാങ്ങിയാണ് ടൗണിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം വരാത്ത രീതിയിൽ സൗന്ദര്യവത്ക്കരണം നടത്തുന്നത്. കഴിഞ്ഞ കാലങ്ങളിൽ നഗരസഭ നേരിട്ട് പൂച്ചെടികൾ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും ശുചീകരണ തൊഴിലാളിയുടെ കുറവ് മൂലം അത് കൃത്യമായി പരിപാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചെടികൾ വച്ച് പിടിപ്പിക്കുന്നതോടൊപ്പം കൃത്യമായി പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ പാലായിലെ പ്രശസ്തമായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പറഞ്ഞു.

20 ലക്ഷം

കുമാരനാശാൻ പാർക്ക് 20 ലക്ഷം രൂപ മുടക്കിയുള്ള നവീകരണം ടെൻഡർ ചെയ്‌തെന്ന് ചെയർമാൻ അറിയിച്ചു. ആർ.വി പാർക്ക് നവീകരണം പുരോഗമിക്കുകയാണ്. സിന്തറ്റിക് സ്റ്റേഡിയം പണികൾ ആരംഭിച്ചെന്നും ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ചെയർമാനോടൊപ്പം വൈസ് ചെയർ പേഴ്സൺ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, മുൻ ചെയർമാൻമാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിൻ ബിനോ എന്നിവരും പങ്കെടുത്തു.