പാലാ: ളാലം തോട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. പാലാ നഗരസഭാ മൂന്നാം വാർഡിൽ കൊണ്ടാട്ടുകടവിൽ ഇന്നലെ 3.30ഓടെയാണ് സംഭവം. ളാലം പേണ്ടാനത്ത് രാജ കനിയപ്പയുടെ മകൻ ഹിഷാം രാജ് (16),കുളത്തുംമട്ടിൽ സിദ്ദിഖ് യാക്കൂബിന്റെ മകൻ സൽമാൻ സിദ്ദിഖ് (18) എന്നിവരാണ് കൊണ്ടാട്ടുകടവിലെ ചെക്കുഡാമിൽ ഒഴുക്കിൽപെട്ടത്.

വീട്ടിലെത്തിയ സൽമാനും ഒന്നിച്ചാണ് ഹിഷാം വെള്ളത്തിലിറങ്ങിയത്. ഇതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവസമയം കുളിക്കാനെത്തിയ ജലജ എന്ന സ്ത്രീയാണ് വിവരം അടുത്തവീട്ടിലറിയിച്ചത്. തുടർന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്ററും പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. തോടിന് വശത്തെ കാട്ടുചെടികളിൽ പിടിച്ചുകിടക്കുകയായിരുന്ന കുട്ടികളെ പാലാ ഫയർ സ്റ്റേഷൻ ഓഫീസർ ജോസഫ്, സേനാംഗങ്ങളായ സുജിത്, ഷൈജൻ ജോർജ്ജ്, നാട്ടുകാരായ ദേശീയ നീന്തൽതാരം കെവിൻ ജിനു, ദാസൻ കൊണ്ടാട്ട് എന്നിവർ ചേർന്നാണ് കരയ്ക്കെത്തിച്ചത്.

ഉത്തരവാദിത്വം നഗരസഭയ്ക്ക്

പാലാ: കൊണ്ടാട് കടവ് ചെക്ക്ഡാമിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെടാൻ കാരണം ചെക്ക് ഡാമിന്റെ പലക മഴക്കാലമായിട്ടും നീക്കം ചെയ്യാത്തതുകൊണ്ടാണെന്നും ഇതിന്റെ ഉത്തരവാദിത്വം പാലാ നഗരസഭാ അധികാരികൾക്കാണെന്നും തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.