അയർക്കുന്നം: അയർക്കുന്നം ശ്രീവിശ്വ കർമ്മസേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിശ്വബ്രഹ്മ മഹായജ്ഞവും ഋഷിപഞ്ചമി മഹോത്സവവും 23 മുതൽ 28 വരെ കൊങ്ങാണ്ടൂർ കല്ലിട്ടുനട ജംഗ്ഷന് സമീപം തയ്യാറാക്കിയിരിക്കുന്ന യജ്ഞശാലയിൽ നടക്കും. 23ന് രാവിലെ 8ന് ദണ്ഡിസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ നേതൃത്വത്തിൽ സർവൈശ്വര്യപൂജയോടെ ഋഷിപഞ്ചമി മഹോത്സവം ആരംഭിക്കും. വൈകിട്ട് 6.30ന് യജ്ഞസമാരംഭ സമ്മേളനം ഡോ.സ്വാമി ധർമ്മാനന്ദ ഭദ്രദീപം തെളിയിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സമ്മേളന ഉദ്ഘാടനം ചെയ്യും. വിശ്വബ്രഹ്മ മഹാകാവ്യ രചയിതാവായ പനച്ചിക്കാട് സദാശിവനെ ആദരിക്കും. രവിക്കുട്ടനാചാരി അദ്ധ്യക്ഷത വഹിക്കും. വിനോദ് തച്ചുവേലിൽ, എം.വി രാജഗോപാൽ എന്നിവർ പങ്കെടുക്കും. യജ്ഞാചാര്യനായ ഭാഗവത രത്‌നം ആലപ്പുഴ മുരളീധരൻ കുരുംബേമഠം പ്രഭാഷണം നടത്തും. 24 മുതൽ 28 വരെ വിശേഷാൽ പൂജകൾ, വിശ്വബ്രഹ്മ മഹാകാവ്യ പാരായണം, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. സമാപദിനവും ഋഷിപഞ്ചമി ദിനവുമായ 28ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമ്മേളനം ദണ്ഡിസ്വാമി സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ് ഭദ്രദീപം തെളിയിക്കും. അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി.സുധാകരൻ പ്രതിഭകളെ ആദരിക്കുമെന്ന് രവിക്കുട്ടനാചാരി, ആചാര്യ ജയചന്ദ്രൻ, ടി.പി മോഹനൻ ആചാരി, ബിനു പുള്ളുവേലിക്കൽ എന്നിവർ അറിയിച്ചു.