കോട്ടയം : മൂന്നുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷ്വർ ചെയ്യുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സമഗ്ര ഇൻഷ്വറൻസ് പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആദ്യഗഡുവായി 50 ലക്ഷം അനുവദിച്ചു. രാത്രികാലങ്ങളിലടക്കം സേവനം ലഭ്യമാക്കുന്ന വെറ്ററിനറി ആംബുലൻസ് സംവിധാനം കേരളത്തിലെ മൃഗസംരക്ഷണമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി. രാത്രിയിൽ അടിയന്തരസാഹചര്യമുണ്ടായാൽ 1962 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെട്ടാൽ ഉടൻ ചികിത്സാസൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് ഓണക്കാലത്ത് 500 രൂപ വീതം നൽകുന്ന ഓണമധുരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.