ഏഴാച്ചേരി: അതിവിശിഷ്ടമായതും അത്യപൂർവ്വ അനുഷ്ഠാനങ്ങൾ ഉൾക്കൊള്ളുന്നതുമായ സർപ്പബലിക്കായി ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങുന്നു.27 മുതൽ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായാണ് സർപ്പബലി നടക്കുന്നത്. 30ന് രാത്രി 7 ന് സർപ്പബലി ആരംഭിക്കും. തന്ത്രി പെരിയമന നാരായണൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ആറ് കാർമ്മികർ സർപ്പബലിയിൽ സംബന്ധിക്കും. കാവിൻപുറം ക്ഷേത്രത്തിൽ ആദ്യമായാണ് സർപ്പബലി നടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്ക് വടക്കേ മൂലയിൽ ഇലഞ്ഞിചുവട്ടിലുള്ള നാഗരാജാവ്, നഗകന്യക, നാഗയക്ഷി സന്നിധിയിലാണ് സർപ്പബലി നടക്കുന്നത്.

27ന് വിനായകചതുർത്ഥി ആഘോഷത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും. 28ന് മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം, അഘോര ഹോമം, ആവാഹനം, ഉച്ചാടനം എന്നിവ നടക്കും. 29ന് തിലഹോമം, സുകൃതഹോമം, ദീപാന്തശുദ്ധി. 30ന് തിലഹോമവും 12000 സംഖ്യ മൂലമന്ത്രംകൊണ്ട് പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സർപ്പബലി ആരംഭിക്കും. 31ന് തിലഹോമം ദ്വാദശപൂജ, കാൽകഴുകി ഊട്ട്, സായൂജ്യ പൂജ എന്നിവയോടെ ദേവപ്രശ്ന പരിഹാര ക്രിയകൾക്ക് സമാപനമാകും. സർപ്പബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം, നമ്പർ 9745260444.