മുണ്ടക്കയം : സന്ധ്യ മയങ്ങിയാൽ മുണ്ടക്കയം ടി.ബി ജംഗ്ഷനൂടെയുള്ള യാത്ര അല്പം റിസ്‌ക്കാണ്. ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്ന ജംഗ്ഷൻ ഇരുട്ടിലമർന്നതോടെ സ്ത്രീകളടക്കമുള്ളവർ ഭീതിയോടെയാണ് കടന്നുപോകുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ പലതും മിഴിയടച്ചതോടെയാണ് യാത്രക്കാരുടെ ദുരിതം തുടങ്ങിയത്. മുണ്ടക്കയം ടൗണിലും പരിസര മേഖലകളും പ്രകാശപൂരിതമാക്കാൻ വർഷങ്ങൾക്ക് മുമ്പ് എം.പി ഫണ്ടിൽനിന്ന് 14 ലക്ഷം രൂപ മുടക്കി സോളാർ വിളക്കുകൾ സ്ഥാപിച്ചെങ്കിലും മതിയായ സംരക്ഷണമില്ലാതെ വന്നതോടെ നശിച്ചു. എന്തിന് ബാറ്ററിയും സോളാർ പാനലുകളും അടക്കം മോഷണം പോയി.

കൂട്ടിക്കൽ റോഡിലും കോസ്‌വേ പാലത്തിലും ടൗണിൽ ദേശീയപാതയുടെ വശത്തുമാ യി 56 വഴിവിളക്കുകളാണ് അന്നു സ്ഥാപിച്ചത്. ഇവയിൽ ഒന്നുപോലും ഇന്ന് പ്രവർത്തിക്കുന്നില്ല. മോഷണമടക്കം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ടി.ബി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം .

മദ്യപസംഘം പിടിമുറുക്കി

റോഡിനിരുവശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. രാത്രി എട്ടര കഴിഞ്ഞാൽ കടകൾ അടയ്ക്കുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാകും. രാത്രികാലങ്ങളിൽ മദ്യപസംഘം പല വ്യാപാരസ്ഥാപനങ്ങളുടെ വരാന്തകളിലാണ് അന്തിയുറങ്ങുന്നത്. ഇത് വ്യാപാരികൾക്ക് മാത്രമല്ല യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കേട്ടാലറയ്ക്കുന്ന അസഭ്യവർഷങ്ങൾ പതിവാണ്. കൂടാതെ ടൗണിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.

പരിഹാരമുണ്ട്, മനസുവച്ചാൽ

ടി.ബി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ കോസ്‌വേ കവലയിലും മുണ്ടക്കയം ബസ് സ്റ്റാൻഡ് ജംഗ്ഷൻ വരെയും വെളിച്ചം ലഭിക്കും. ഇതോടെ സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കാൻ സാധിക്കുന്നതോടൊപ്പം രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയും ഉറപ്പാക്കാനാകും.

''മുണ്ടക്കയം പഞ്ചായത്ത് ഓഫീസ്, ടൂറിസ്റ്റ് ബംഗ്ലാവ്, പൊലീസ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്നത് ഇവിടെയാണ്. എന്നിട്ടും വെളിച്ചം ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകുന്നില്ല.

-വ്യാപാരികൾ